കുവൈറ്റിൽ മരണപ്പെട്ട കേളു പൊൻമലേരിയുടെ ബന്ധു ഇടിവി ഭാരതിനോട് (ETV Bharat) കാസർകോട് :പിലിക്കോട് സ്വദേശിയും തൃക്കരിപ്പൂർ തെക്കുമ്പാട് താമസക്കാരനുമായ കേളു പൊൻമലേരിയെ മരണം തട്ടിയെടുത്തത് 20 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു മടങ്ങാനിരിക്കെ. ഈ വർഷം പ്രവാസം അവസാനിപ്പിച്ചു മടങ്ങുമെന്ന് കേളു ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ കേളുവിന്‍റെ മരണവാർത്തയാണ് ഇന്നലെ ബന്ധുക്കളെ തേടിയെത്തിയത്.
ഇന്നലെ പുലർച്ചെയാണ് കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ കേളു മരണപ്പെട്ടത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. എൻബിടിസി ഗ്രൂപ്പിന്‍റെ പ്രൊഡക്ഷൻ എൻജിനിയറായിരുന്നു ഇദ്ദേഹം. ഭാര്യ മണി പിലിക്കോട് പഞ്ചായത്ത് ഓഫിസിൽ ക്ലർക്കാണ്.
അതേസമയം അപകടം സംബന്ധിച്ച ഓദ്യോഗിക വിവരങ്ങൾ ഒന്നും ലഭിച്ചില്ലെന്നും സുഹൃത്തുക്കൾ വഴിയാണ് സംഭവം അറിഞ്ഞതെന്നും കേളുവിന്‍റെ ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തം കടുത്ത വേദനയുണ്ടാക്കുന്നതാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കുടുംബത്തിന് ആവശ്യമായ സഹായം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ആരോഗ്യ മന്ത്രി കുവൈറ്റിലേക്ക്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു