തൃശൂർ :കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദനമേറ്റ് യുവാവ് മരണപ്പെട്ടു. കുന്നംകുളം ചെറുവത്താനി അമ്മാട്ട് വീട്ടിൽ രവിയുടെ മകൻ വിഷ്‌ണുവാണ് (26) മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഇന്നലെ (ജൂൺ 9) രാത്രി 8.30 ഓടെയാണ് സംഭവം.
സുഹൃത്തുക്കളുടെ സംഘം ചേർന്നുള്ള മർദനത്തിനിടെ വിഷ്‌ണു തലയടിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്‌ണുവിനെ കുന്നംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾ വിഷ്‌ണുവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ പരിശോധനയിൽ മണിക്കൂറുകൾക്ക് മുൻപ് മരണം സംഭവിച്ചു എന്ന് മനസിലായതിനെ തുടർന്ന് പൊലീസിൽ അറിയിക്കണമെന്ന ഡോക്‌ടറുടെ നിർദേശം വിഷ്‌ണുവിന്‍റെ സുഹൃത്തുക്കൾ അംഗീകരിച്ചില്ല. പ്രകോപിതരായ ഇവർ ആശുപത്രിയിൽ അക്രമം നടത്തുകയും ചെയ്‌തു. തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി ഇവരെ കസ്‌റ്റഡിയിലെടുത്തു.