വയനാട് :മാനന്തവാടിയിൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്‍റെ ഭാര്യ കുഞ്ഞാമി(72) യാണ് കെല്ലപ്പെട്ടത്. സംഭവത്തിൽ അയല്‍വാസി ചോലയില്‍ സിസി ഹക്കീം (42)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വര്‍ണാഭരണങ്ങള്‍ കവരാന്‍ വേണ്ടി ഹക്കീം കുഞ്ഞാമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. കുഞ്ഞാമിയില്‍ നിന്നും കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി വെള്ളമുണ്ട സ്വകാര്യ ബാങ്കില്‍ പണയം വച്ചതായി പൊലീസ് കണ്ടെത്തി. വയോധികയെ കാണാതായ കാര്യവും, മൃതദേഹം കണ്ടെത്തിയ കാര്യവും ആദ്യം തന്നെ മാധ്യമങ്ങളെയും മറ്റും അറിയിച്ചതും ഹക്കീമാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ബുധനാഴ്‌ച വൈകുന്നേരം കാണാതായ കുഞ്ഞാമിയെ വീട്ടില്‍നിന്നും അര കിലോമീറ്റര്‍ മാറി പഞ്ചായത്ത് വക കിണറ്റില്‍ നിന്നും വ്യാഴാഴ്‌ച (സെപ്‌റ്റംബർ 5) രാവിലെയാണ് കണ്ടെത്തിയത്. എന്നാല്‍ ഒട്ടും തന്നെ വെള്ളമില്ലാത്തതും, ആഴമില്ലാത്തതുമായ കിണറില്‍ മൃതദേഹം കണ്ടെത്തിയതും, കുഞ്ഞാമിയുടെ തട്ടവും, ആഭരണങ്ങളും കാണാതിരുന്നതും തുടക്കത്തിലേ സംശയം ജനിപ്പിച്ചിരുന്നു.
തുടര്‍ന്ന് കിണറിന്‍റെ പരിസരത്ത് പൊലീസ് സര്‍ജന്‍ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘവും വിരലടയാള വിദഗ്‌ദരടക്കമുള്ളവരും പരിശോധിച്ചിരുന്നു. ഒറ്റയ്ക്കു യാത്രചെയ്‌തുള്ള ശീലം ഇല്ലാത്ത ഇവര്‍ അര കിലോമീറ്ററോളം ദൂരത്തെ് എത്തിയതെങ്ങനെയെന്നതും ദുരൂഹത ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പരിസരത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും, മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത് എന്നാണ് സൂചന.
Also Read : പീരുമേട്ടിലെ യുവാവിന്‍റെ മരണം കൊലപാതകം; കൊന്നത് സഹോദരൻ, അമ്മയും പിടിയിൽ