കോഴിക്കോട്:യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണക്കിടയിലേക്ക് പ്രതിഷേധവുമായി ഇരച്ചെത്തി കുടുംബശ്രീ പ്രവർത്തകർ. വ്യാജരേഖ ചമച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ചാത്തമംഗലത്തെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ അടക്കമുള്ള അംഗങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് ധർണ. യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റി നടത്തിയ ധർണക്കിടയിലേക്ക് കുടുംബശ്രീ പ്രവർത്തകരും ഏതാനും സിപിഐഎം പ്രവർത്തകരും മുദ്രാവാക്യം മുഴക്കി ഇരച്ചു കയറുകയായിരുന്നു. ചാത്തമംഗലം പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിയ ധർണക്കിടയിലേക്കാണ് ഇന്ന് രാവിലെ 11 മണിയോടെ പ്രതിഷേധം ഉണ്ടായത്. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിലാണ് ധർണ അലങ്കോലപ്പെടുന്ന രീതിയിൽ പ്രതിഷേധക്കാരെത്തിയത്.
ചാത്തമംഗലത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധ ധർണയ്ക്കിടയിലേക്ക് പ്രതിഷേധിച്ചെത്തി കുടുംബശ്രീ പ്രവർത്തകർ - സിപിഐഎം
Published : Feb 15, 2024, 3:36 PM IST
|Updated : Feb 15, 2024, 4:48 PM IST
14:32 February 15
കോഴിക്കോട് ചാത്തമംഗലത്ത് സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ ധർണക്കിടയിലേക്ക് കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചെത്തി
ധർണ തടസപ്പെടുത്തിയതോടെ ഇരു വിഭാഗവും ആദ്യഘട്ടത്തിൽ പരസ്‌പരം മുദ്രാവാക്യങ്ങൾ മുഴക്കി. അതിനിടയിൽ ഇരുവിഭാഗങ്ങളും വാക്കേറ്റം നടത്തുകയും തുടർന്ന് ഏതാനും പ്രവർത്തകർ ചേർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരിപ്പിടങ്ങൾ എടുത്തെറിയുകയും ചെയ്‌തു. ആദ്യഘട്ടത്തിൽ കുന്ദമംഗലം പൊലീസ് ഇൻസ്പെക്‌ടർ എസ് ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ ഏതാനും പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. പ്രശ്‌നം സംഘർഷത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളോടും സംസാരിച്ച് സംഘർഷ സാധ്യതയിൽ അയവുവരുത്തി.
എന്നാൽ അതിനിടയിൽ വീണ്ടും കുടുംബശ്രീ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി ഒഴിഞ്ഞുപോകാതെ നിന്നതോടെ പൊലീസ് വീണ്ടും ഇരുവിഭാഗങ്ങളുമായി സംസാരിച്ച് സംഘർഷത്തിൽ അയവു വരുത്തുകയായിരുന്നു. പിന്നീട് പൊലീസ് സുരക്ഷയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പ്രതിഷേധ ധർണ പൂർത്തിയാക്കാനായത്.
കോൺഗ്രസ് ധർണയ്ക്കുശേഷം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ കട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും തുടർന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.