കാസർകോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ കാസർകോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി കെ.കെ ബാലകൃഷ്‌ണൻ്റെ സ്ഥലം മാറ്റത്തിൽ ജഡ്‌ജിക്കെതിരെ പരിഹാസവുമായി മുൻ മന്ത്രി കെ.ടി ജലീൽ. ഭീരുക്കളാണ് ഒളിച്ചോടുകയെന്നും മനസാക്ഷിക്കുത്ത് തോന്നിത്തുടങ്ങിയാൽ പിന്നെ നിൽക്കപ്പൊറുതി ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു. ചെയ്‌തത് സത്യമെങ്കിൽ ആരെ ഭയപ്പെടാനെന്നും കെ.ടി ജലീൽ ഫേസ്ബുക്ക് പോസ്‌റ്റിൽ ചോദിച്ചു.
റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ.കെ ബാലകൃഷ്‌ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജിയായാണ് സ്ഥലം മാറ്റിയത്. എന്നാല്‍ സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന.
റിയാസ് മൗലവി കൊലപാതകവും വിധിയും ഏറെ ചർച്ചയായിരുന്നു.
മാർച്ച് 30 നാണ് കേസിൽ വിധി പറഞ്ഞത്. പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടെന്ന വിധി കേരളത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും സർക്കാരും ഉള്‍പ്പടെ വിധിക്കെതിരെ രംഗത്ത് എത്തിയിരുന്നു.
കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നിവർ ആയിരുന്നു കേസിലെ പ്രതികൾ. റിയാസ് മൗലവി കൊല്ലപ്പെട്ട് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുമ്പോള്‍ നീതി നിഷേധിക്കപ്പെട്ടു എന്ന് കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രോസിക്യൂഷനുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു.