തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് (ഒക്‌ടോബര്‍ 22) രണ്ട് ജില്ലകളില്‍ വിദ്യാഭ്യാസ ബന്ദ്. ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കെഎസ്‌യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ്. കട്ടപ്പന ഗവൺമെന്‍റ് കോളജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകർ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി ആക്രമിച്ചുവെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. തുടർച്ചയായി ഉണ്ടാകുന്ന എസ്എഫ്ഐ-ഡിവൈഎഫ്ഐ അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് ആലപ്പുഴയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി.
എസ്.എഫ്.ഐ അക്രമ രാഷ്ട്രീയത്തിന്‍റെ ഹോള്‍സെയില്‍ ഡീലര്‍മാര്‍: അലോഷ്യസ് സേവ്യര്‍
വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജ് യൂണിയന്‍ ഇലക്ഷനില്‍ എസ്എഫ്‌ഐക്ക് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സംസ്ഥാനത്തുട നീളമുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായി അക്രമം അഴിച്ചു വിടുന്നതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍. എസ്എഫ്ഐ നേതാക്കള്‍ അക്രമ രാഷ്ട്രീയത്തിന്‍റെ ഹോള്‍സെയില്‍ ഡീലര്‍മാരായി മാറിയിരിക്കുന്നു.
ആലപ്പുഴയില്‍ കെഎസ്‌യു യൂണിയന്‍ നേടിയ അമ്പലപ്പുഴ ഗവ.കോളജില്‍ കൊടിമരം നശിപ്പിക്കുകയും കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി ആദിത്യന്‍ സാനുവിനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തു. തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലെ പൊലീസ് എയ്‌ഡ് പോസ്റ്റിന് സമീപം, പൊലീസുകാര്‍ നോക്കിനില്‍ക്കെ കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ആര്യാകൃഷ്ണന്‍, തന്‍സീല്‍ നൗഷാദ് എന്നിവരെ എസ്എഫ്ഐ ഗുണ്ടകള്‍ അക്രമിച്ചത്.
ഒരു വനിത എന്ന പരിഗണനപോലും ഇല്ലാതെയാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആര്യയെ അക്രമിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജെഫിന്‍, സെക്രട്ടറി ശിവപ്രസാദ്, എച്ച്.സലാം എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫ് അജ്‌മല്‍ എന്നിവരാണ് അക്രമപരമ്പരക്ക് നേതൃത്വം നല്‍കിയത്. ഇടുക്കി കട്ടപ്പന ഗവ. കോളജിലെ കെഎസ്‌യു നേതാക്കള്‍ക്ക് നേരെയും അതിക്രമമുണ്ടായി. ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോര്‍ജ്ജ്, നിയോജക മണ്ഡലം പ്രസിഡന്‍റ് ജോണ്‍സണ്‍ ജോയ് ഉള്‍പ്പടെയുള്ള ആറോളം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ചു.
കെഎസ്‌യു യൂണിയന്‍ തിരിച്ചുപിടിച്ച കോട്ടയം ബസേലിയോസ് കോളജിലും കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ചു. യൂണിറ്റ് പ്രസിഡന്‍റ് ജെയിസ് ദാസ്, യൂണിറ്റ് ഭാരവാഹി മിലന്‍ എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വിദ്യാഭ്യാസ ബന്ദിനും കോട്ടയത്ത് ബ്ലോക്ക് തല പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കിയിരുന്നു.