തിരുവനന്തപുരം: ഡ്രൈവിംഗ് പഠിക്കാൻ കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂൾ തയ്യാർ. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റിന്‍റെ ആസ്ഥാനത്താണ് കെഎസ്ആർടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങുക. ഇതിന്‍റെ ഉദ്ഘാടനം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു.
ടെസ്റ്റ് , സ്വിഫ്റ്റിന്‍റെ ആസ്ഥാനത്ത് നടത്താനും അട്ടക്കുളങ്ങരയിലെ കെഎസ്ആർടിസി സ്‌റ്റാഫ് ട്രെയിനിങ് സെന്‍ററിൽ ഡ്രൈവിംഗ് പരിശീലനം നൽകാനുമാണ് തീരുമാനം. നിലവിൽ ഇവിടെ ഡ്രൈവിംഗ് സ്‌കൂളിനുള്ള ലൈസൻസ് ഉണ്ട്. അപകടരഹിതമായി ഡ്രൈവിംഗ് പരിശീലനം നടത്താനുള്ള ഡ്രൈവിംഗ് സിമുലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉടൻ തന്നെ സജ്ജീകരിക്കും.
കെഎസ്ആർടിസിയുടെ കീഴിലുള്ള 22 കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുമെന്നായിരുന്നു ഗതാഗത മന്ത്രിയുടെ പ്രഖ്യാപനം. ആദ്യ ഘട്ടത്തിൽ 11ഡ്രൈവിംഗ് സ്‌കൂളുകളും രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ളവയും സജ്ജമാക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. കെഎസ്ആർടിസിയുടെ സ്വന്തം സ്ഥലത്താണ് ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നത് എന്നതിനാൽ ചെലവും കുറയും എന്നതാണ് നേട്ടം.