കേരളം

kerala

ETV Bharat / state

മുന്നണി മാറ്റത്തിന്‍റെ കണ്ണൂർ മുഖങ്ങള്‍: ഇടതിനൊപ്പം ഉറച്ച് കെ.പി. മോഹനൻ, അബ്‌ദുള്ളക്കുട്ടി ഇപ്പോൾ ബിജെപിയുടെ അത്‌ഭുതക്കുട്ടി - Loksabha Election 2024

സിപിഎം എംപി പിന്നെ കോൺഗ്രസ് എംഎല്‍എ, ഇപ്പോൾ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ. എപി അബ്‌ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ മാറ്റം ഇങ്ങനെ. ആദ്യം എല്‍ഡിഎഫിലും പിന്നെ യുഡിഎഫിലും വീണ്ടും എല്‍ഡിഎഫിലും എത്തിയ കെപി മോഹനൻ. ഇവർ മുന്നണി മാറ്റത്തിന്‍റെ കണ്ണൂർ മുഖങ്ങൾ.

KP Mohanan  AP Abdullakkutty  Kerala Politics  Congress
Loksabha Election 2024 Candidates; KP Mohanan and AP Abdullakkutty

By ETV Bharat Kerala Team

Published : Mar 20, 2024, 2:43 PM IST

കണ്ണൂർ:അരുവാനപ്പള്ളി പുതിയപുരക്കൽ അബ്‌ദുള്ളക്കുട്ടി അഥവാ എ.പി. അബ്‌ദുള്ളക്കുട്ടി. രാഷ്ട്രീയത്തിൽ കണ്ണൂരിന്‍റെ അത്ഭുതകുട്ടി. സിപിഎമ്മിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി എംപി ആയി, കോൺഗ്രസിൽ എംഎൽഎയും, ഇപ്പോൾ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനും ആയ അബ്‌ദുള്ളക്കുട്ടി കേരള രാഷ്ട്രീയത്തിന് കൗതുകമുഖമാണ്.

കോളജ് പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് അബ്‌ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ തുടക്കം. 1989-1990 കാലഘട്ടത്തിൽ യൂണിവേഴ്‌സിറ്റി യൂണിയൻ്റെ ജനറൽ സെക്രട്ടറി ആയും, 1995 മുതൽ 1999 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായും ആദ്ദേഹം പ്രവർത്തിച്ചു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റായിരിക്കെയാണ് അബ്‌ദുള്ളക്കുട്ടി 1999 ൽ കണ്ണൂരിൽ നിന്ന് ജനവിധി തേടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ അഞ്ച് തവണ തുടർച്ചയായി ജയിച്ച കണ്ണൂരില്‍ 1999ൽ എപി അബ്‌ദുള്ളക്കുട്ടി അത്‌ഭുതമായി. 2004-ലും അബ്‌ദുള്ളക്കുട്ടി അത്ഭുതം ആവർത്തിച്ചു.

AP Abdullakkutty

പക്ഷേ 2009 -ൽ വലിയ നിലപാട് മാറ്റത്തിലൂടെ അബ്‌ദുള്ളക്കുട്ടി സിപിഎം നേതൃത്വത്തിന് അനഭിമതനായി. രാഷ്ട്രീയത്തിന് അതീതമായ വികസന നിലപാട് പാർട്ടികൾ സ്വീകരിക്കണമെന്നും, അന്നത്തെ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദിക്ഷിത്തിന്‍റെയും, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെയും വിജയം വികസന നയത്തിനുള്ള അംഗീകാരമാണെന്നും അബ്‌ദുള്ളക്കുട്ടി പ്രസംഗിച്ചതോടെ സിപിഎം ഞെട്ടി. സിപിഎമ്മിന്‍റെ മയ്യിൽ ഏരിയ കമ്മറ്റി ഒരു വർഷത്തേക്ക് അബ്‌ദുള്ളക്കുട്ടിയെ സസ്‌പെൻഡ് ചെയ്‌തു. 2009 മാർച്ച് 7-ന്‌ എ.പി അബ്‌ദുള്ളക്കുട്ടിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.

പക്ഷെ അബ്‌ദുള്ളക്കുട്ടിയെ ഇരുകയ്യുംനീട്ടി കോൺഗ്രസ്സ് സ്വീകരിച്ചു. 2009 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിച്ച കെ. സുധാകരന് വേണ്ടി പ്രചാരണം നയിച്ചു. കണ്ണൂർ നിയമസഭ മണ്ഡലത്തില്‍ എംഎൽഎ ആയിരുന്ന കെ സുധാകരൻ പാർലമെന്‍റിലേക്ക് പോയതോടെ ഉപതെരഞ്ഞെടുപ്പ് വന്നു.

കണ്ണൂർ നിയമസഭ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി അബ്‌ദുള്ളക്കുട്ടിക്ക് ടിക്കറ്റ് നൽകി. ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.വി. ജയരാജനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭ അംഗമായി. 2011-ലും കണ്ണൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ കെ. സുധാകരനുമായി ഇടഞ്ഞതോടെ കണ്ണൂരിൽ നിന്ന് വിജയസാധ്യത ഇല്ലാത്ത 2016-ൽ തലശ്ശേരിയിലേക്ക് മാറ്റി.

സിപിഎമ്മിലെ എ.എൻ. ഷംസീറിനോട് തോറ്റതോടെ അബ്‌ദുള്ളക്കുട്ടി 2019ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനാണ് അബ്‌ദുള്ളക്കുട്ടി. ബിജെപിയുടെ പ്രമുഖ ന്യൂനപക്ഷ മുഖം. പക്ഷേ ഇത്തവണ സ്ഥാനാർഥിയായി അബ്‌ദുള്ളക്കുട്ടിയുടെ പേര് ഇതുവരെ കേരളത്തിലെ ഒരു മണ്ഡലത്തിലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

എല്‍ഡിഎഫും യുഡിഎഫും പിന്നെ എല്‍ഡിഎഫും- കെ.പി. മോഹനൻ:കണ്ണൂരിൽ ജില്ലയില്‍ സോഷ്യലിസ്റ്റുകൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാണ് കൂത്തൂപറമ്പും പെരിങ്ങളവും. പുനഃസംഘടിപ്പിച്ച കേരളത്തിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പായ 1957-ലും, 1960-ലും കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പിആർ കുറുപ്പ് 1967 മുതൽ 1969 വരെ ഇഎംഎസ് നമ്പൂതിരിപ്പാട് മന്ത്രിസഭയില്‍ വനം മന്ത്രിയായും, ജലസേചന-സഹകരണ വകുപ്പ് മന്ത്രിയായായും ആദ്ദേഹം പ്രവർത്തിച്ചു. അദേഹത്തിന്‍റെ തണലിൽ കേരള രാഷ്ട്രീയത്തിൽ കാലെടുത്തു വച്ച മകൻ കെ.പി. മോഹനൻ ആണ് നിലവിലെ കൂത്തുപറമ്പ് മണ്ഡലത്തിലെ എംഎൽഎ. സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ ഐഎസ്ഒയിൽ അംഗമായിട്ടായിരുന്നു കെ.പി. മോഹനന്‍റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് ജനതാ പാർട്ടി രൂപീകരിച്ചപ്പോൾ അതിനോടൊപ്പം ചേർന്നു. പിന്നാലെ യുവജനതയുടെ കണ്ണൂർ ജില്ല സെക്രട്ടറി ആയി. ജനതാദളിൻ്റെയും, ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെയും ദേശീയ പ്രവർത്തക സമിതി അംഗമായി. കുന്നോത് പറമ്പ് ഗ്രാമ പഞ്ചായത്തിലും നിർവാഹക സമിതിയിലും 7 വർഷം ഉണ്ടായിരുന്നു.

KP Mohanan

എന്നും ഇടതുപക്ഷത്തോടൊപ്പം ആയിരുന്നു ജനതാദളിന്‍റെയും കെ.പി. മോഹനന്‍റെയും സഞ്ചാരമെങ്കിലും 2009ലെ ജനതാദൾ പിളർപ്പിൽ വീരേന്ദ്രകുമാറിന്‍റെ കൂടെ യുഡിഎഫ് പക്ഷത്തെത്തി. അന്നത്തെ ലോക്സഭ തെരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാറിന് കോഴിക്കോട് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആണ് യുഡിഎഫ് പക്ഷത്തേക്ക് പോയത്.

തുടർന്ന് 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് യുഡിഎഫില്‍ നിന്നും മത്സരിച്ച് ജനപ്രതിനിധിയായ അദ്ദേഹം സംസ്ഥാന കൃഷിമന്ത്രിയുമായി. രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി മന്ത്രി പദം തേടിയെത്തുന്നതും യുഡിഎഫ് മന്ത്രിസഭയിൽ ആണ് എന്നതാണ് മറ്റൊരു കൗതുകം.

പിന്നീട് അങ്ങോട്ടുള്ള കെ.പി. മോഹനന്‍റെയും പാർട്ടിയുടെയും യാത്രകൾ പേരുകൾ മാറിയും സോഷ്യലിസ്റ്റ് പാർട്ടികളിൽ ലയിച്ചുമായിരുന്നു. സോഷ്യലിസ്റ്റ് ജനത ദൾ, ലോക് താന്ത്രിക്, എൽജെഡി തുടങ്ങി വ്യത്യസ്‌ത പാർട്ടികളായി കെ.പി. മോഹനനും സഞ്ചരിച്ചു.

മുന്നണിയിലെ അവഗണനയെ തുടർന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിട്ട കെ.പി. മോഹനനും സംഘവും എൽഡിഎഫിൽ തിരിച്ചെത്തി. 2021 ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് മത്സരിച്ചു വിജയിച്ചു. പാർട്ടിയുടെ ഏക എംഎൽഎ കൂടി ആണ് കെ.പി. മോഹനൻ. നിലവിൽ ആർജെഡി പ്രതിനിധിയാണ് ഇദ്ദേഹം.

ABOUT THE AUTHOR

...view details