കോഴിക്കോട്:താമരശ്ശേരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും മൊബൈൽ ഷോപ്പ് ഉടമയായ ഹർഷാദിനെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ പത്തംഗസംഘം എന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്‌റ്റഡിയിലെടുത്തു. ഒരു ഇന്നോവ കാറിലും മറ്റൊരു കാറിലും മിനിലോറിയിലും എത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിൽ എന്നാണ് ഹർഷാദിന്‍റെ മൊഴി.
ഹർഷാദ് സഞ്ചരിച്ച കാറിന് മുന്നിൽ മിനി ലോറി കുറുകെയിട്ടാണ് പിടിച്ചിറക്കിയത്. തുടർന്ന് ഹർഷാദിനെ വൈത്തിരിയിലെ ഒരു റിസോർട്ടിലേക്ക് മാറ്റി. തട്ടിക്കൊണ്ട് പോയ സംഘം പിടിയിലാകുമെന്ന് സൂചന ലഭിച്ചതോടെ ഇവർ വൈത്തിരി ടൗണിൽ ഇറക്കി വിടുകയായിരുന്നു.
തുടർന്ന് കെഎസ്ആർടിസി ബസിൽ കയറി ഹർഷാദ് അടിവാരത്തെത്തി. അടിവാരത്ത് കാത്ത് നിന്നിരുന്ന പൊലീസ് ഹർഷാദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിക്കാണ് ഹർഷാദിനെ വൈത്തിരി ടൗണിൽ ഇറക്കിവിട്ടത്. അവിടെനിന്നും ഒരു കടയിലെ ഫോണിൽ നിന്ന് പിതാവിനെ വിളിച്ചു. വൈത്തിരിയിൽ ഇറക്കി വിട്ടെന്ന് മനസിലാക്കിയ വീട്ടുകാർ താമരശ്ശേരി പൊലീസിൽ വിവരമറിയിച്ചു.
ഹർഷാദിനെ തട്ടിക്കൊണ്ടുപോയ പരാതിയിൽ ഇന്നലെ (ജൂലൈ 15) വൈകിട്ടോടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.