അനീതിയുടെ ആറാം ദിനം; നീതി നിഷേധത്തിനെതിരെ അതിജീവിതയുടെ കണ്ണ് കെട്ടി സമരം കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അധികൃതര്‍ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാത്ത സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിതയ്ക്ക് പിന്തുണയുമായി അതിജീവിതയും. ഐസിയുവില്‍ പീഡനത്തിനിരയായ യുവതിയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി പ്രതിഷേധിച്ചു.
കഴിഞ്ഞ ആറു ദിവസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിനു മുൻപിൽ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത നടത്തുന്ന സമരത്തിനു നേരെ മുഖം തിരിഞ്ഞിരിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ്
അതിജീവിതയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി പ്രതിഷേധിച്ചത്.
പ്രശ്‌നത്തിൽ സർക്കാരോ, ആരോഗ്യ വകുപ്പോ, ആരോഗ്യ വകുപ്പ് മന്ത്രിയോ ഇടപെടുന്നില്ലെന്നതാണ് അതിജീവിതയുടെ പരാതി. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ അനിതയുടെ ഭാഗത്ത് വീഴ്‌ചയുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. എന്നാൽ എന്താണ് വീഴ്‌ച എന്ന് ചോദിച്ചാൽ യാതൊരു മറുപടിയും നൽകുന്നില്ലെന്നും അതിജീവിത അറിയിച്ചു.
അതിജീവിതയ്ക്ക് ഒപ്പമാണ് സർക്കാറും ആരോഗ്യവകുപ്പും ആരോഗ്യവകുപ്പ് മന്ത്രിയും എന്നാണ് മന്ത്രി നേരത്തെ തന്നെ അറിയിച്ചത്. എന്നാൽ ഇപ്പോൾ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികൾ കാണുമ്പോൾ അതിജീവിതയ്‌ക്ക് ഒപ്പമല്ല ആരോപണ വിധേയർക്കൊപ്പം ആണ് മന്ത്രിയും സർക്കാറും എന്ന തോന്നലാണ് ഉളവാക്കുന്നതെന്ന് അതിജീവിത പറഞ്ഞു.
താൻ കൊടുത്ത പരാതികളിൽ ഒന്നും നടപടിയെടുക്കാതെ തനിക്കൊപ്പം നിന്ന അനിത സിസ്‌റ്റർക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ തനിക്ക് ശക്തമായ പ്രതിഷേധമുണ്ട്. നീതിക്ക് മുൻപിൽ കണ്ണുതുറക്കാത്ത നടപടിക്കെതിരെ കണ്ണുകെട്ടിക്കൊണ്ട് ഇനി സമരം ശക്തമാക്കുമെന്നും അതിജീവിത പറഞ്ഞു.
മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധ ബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് പി ബി. അനിത റിപ്പോർട്ട് ചെയ്‌തു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്‌തു.
പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്‌സിങ് ഓഫിസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിന്നും സ്‌റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്‌തു.
അനിതയ്ക്ക് നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെഡിക്കൽ കോളജിൽ അനിത സമരം തുടങ്ങുകയായിരുന്നു.
ALSO READ:ഐസിയു പീഡനക്കേസ്: 'സീനിയര്‍ നഴ്‌സിങ് ഓഫിസര്‍ പിബി അനിതയ്‌ക്ക് വീഴ്‌ച പറ്റി, ഇത് കോടതിയെ ബോധ്യപ്പെടുത്തും': ആരോഗ്യമന്ത്രി - Veena George Against PB Anitha