ഐസിയു പീഡനക്കേസിൽ അതിജീവിതയ്‌ക്കൊപ്പം നിന്ന സിസ്റ്റർ അനിത ഉപവാസ സമരം ആരംഭിച്ചു കോഴിക്കോട്: മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ഐസിയു പീഡനക്കേസിൽ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫിസർ പി ബി അനിത ഉപവാസ സമരം ആരംഭിച്ചു. ഹൈക്കോടതി ഉത്തരവുമായി എത്തിയിട്ടും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിനാലാണ് മെഡിക്കൽ കോളജിന്‍റെ പ്രിൻസിപ്പൽ ഓഫിസ് കവാടത്തിനു മുൻപിൽ പ്രതിഷേധം ആരംഭിച്ചത്. സിസ്റ്റർ അനിതയ്‌ക്ക് പിന്തുണയുമായി എസ് ഇ ടി ഒ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് മാർച്ചും നടത്തി.
ഇന്ന് രാവിലെയും അനിത ജോലിയിൽ പ്രവേശിക്കുന്നതിന് പ്രിൻസിപ്പൽ ഓഫിസിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. ഇതേ തുടർന്നാണ് രാവിലെ പതിനൊന്നരയോടു കൂടി അനിശ്ചിതകാല ഉപവാസം ആരംഭിച്ചത്. അതേസമയം സർക്കാറിന്‍റെ ഉത്തരവ് ഓഫിസിൽ ലഭിക്കാത്തതാണ് കാരണമായി മെഡിക്കൽ കോളജ് അധികൃതർ ചൂണ്ടിക്കാണിച്ചത്.
ഇരുപത് വർഷത്തോളമായി മെഡിക്കൽ കോളജിൽ ജോലിചെയ്യുന്ന വ്യക്തിയാണ് താനെന്നും അതിജീവിതയോടൊപ്പം നിൽക്കുക മാത്രമാണ് ചെയ്‌തതെന്നും സിസ്റ്റർ അനിത പറഞ്ഞു. ഹൈക്കോടതി ഉത്തരവിന് പോലും പുല്ലുവില കൽപ്പിക്കുന്ന
മെഡിക്കൽ കോളജ് മാനേജ്‌മെന്‍റ്, നടപടി അവസാനിപ്പിക്കുന്നത് വരെ സമരം തുടരുമെന്നും അനിത മാധ്യമങ്ങളോട് പറഞ്ഞു.
അതിജീവിതക്ക് ഒപ്പം നിന്ന സിസ്റ്റർ അനിതയെ നേരത്തെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ സിസ്റ്റർ അനിത ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സംമ്പാദിക്കുകയും ചെയ്‌തിരുന്നു. എന്നാൽ തിങ്കളാഴ്ച്ച കോടതി ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ മാനേജ്‌മെന്‍റ് ഇതിനനുവദിച്ചിരുന്നില്ല. ഇതോടെയാണ് എസ് ഇ ടി ഒയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങിയത്.
അതേസമയം കേസിൽ തനിക്കൊപ്പമാണെന്ന് പറയുന്ന സർക്കാരും സംവിധാനങ്ങളും ഓരോ പ്രവർത്തനത്തിലൂടെയും ഒപ്പമല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിത പറഞ്ഞു. ഹൈക്കോടതി വിധി ഉണ്ടായിട്ട് പോലും തനിക്ക് ഒപ്പം നിന്ന സിസ്റ്റർ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്തത് ഇതിന് ഉദാഹരണമാണെന്നും അതിജീവിത ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിനു മുമ്പിൽ സിസ്റ്റർ അനിത നടത്തുന്ന ഉപവാസ സമരത്തിന് അനുഭാവം പ്രകടിപ്പിക്കാൻ എത്തിയതായിരുന്നു ഇവർ.
മെഡിക്കൽ കോളജ് കവാടത്തിനു മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് പ്രിൻസിപ്പൽ ഓഫിസ് കവാടത്തിനു മുമ്പിൽ വച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ബീന പൂവ്വത്തിൽ ഉദ്ഘാടനം ചെയ്‌തു. എൻജിഒ ജില്ലാ ജോയിൻ സെക്രട്ടറി കെ പി അനീഷ് അധ്യക്ഷത വഹിച്ചു. കെജിഎംയു സംസ്ഥാന പ്രസിഡന്‍റ് കെ എസ് സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ പി സജിത്ത്, പി കെ ബിന്ദു, പി വിനയൻ, ഒ എസ് വിശാൽ തുടങ്ങിയവർ സംസാരിച്ചു.
Also read: ഐസിയു പീഡനക്കേസ് : നഴ്‌സിങ് ഓഫീസർ പിബി അനിതയ്ക്ക് വീണ്ടും സ്ഥലം മാറ്റം