കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന വിധത്തിൽ ഡോക്‌ടർമാർക്ക് കൂട്ടസ്ഥലമാറ്റം. ഏഴ് സീനിയർ റസിഡന്‍റ് ഡോക്‌ടർമാരെയാണ് ഒരുമിച്ച് വയനാട് മെഡിക്കല്‍ കോളജിലേക്ക് സ്ഥലംമാറ്റിയത്. വയനാട്ടിലെ ഡോക്‌ടർമാരുടെ ക്ഷാമം പരിഹരിക്കാനുള്ള താത്കാലിക നടപടിയെന്ന നിലയിലാണ് ഈ സ്ഥലം മാറ്റം.
എന്നാൽ ഒറ്റയടിക്ക് ഡോക്‌ടർമാരെ സ്ഥലംമാറ്റുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർധനയുണ്ടായിട്ടും 1962ലെ സ്‌റ്റാഫ് പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും പിന്തുടരുന്നത്. 400 രോഗികളെ ഒപിയില്‍ ചികിത്സിക്കുന്ന ഓർത്തോയില്‍ മാത്രം പ്രൊഫസർമാരും സീനിയർ റസിഡന്‍റുമാരും ഉള്‍പ്പെടെ അഞ്ച് ഡോക്‌ടർമാരുടെ കുറവുണ്ട്.