കോഴിക്കോട്: മാവൂർ മണന്തല കടവിലെ ചില നേന്ത്രവാഴ തോട്ടങ്ങളില്‍ വാഴ കൃഷി നാശത്തിന് കാരണമാകുന്ന ശത്രു കീടങ്ങളിലൊന്നായ പൈനാപ്പിൾ മീലി മൂട്ടയുടെ ആക്രമണം സ്ഥിരീകരിച്ചു.
ഇതുവരെ അപ്രധാന കീടമായി വാഴയിൽ കണ്ടിരുന്ന ഈ കീടം കാലാവസ്ഥ വ്യതിയാനം മൂലവും മറ്റു അനുകൂല സഹചര്യങ്ങളാലും മുഖ്യ ശത്രു കീടമായി മാറും. വരണ്ട കാലാവസ്ഥയും ഉയർന്ന അന്തരീക്ഷ ജലാംശവും ചുരുങ്ങിയ കാലയളവിനുള്ളിൽ തോട്ടം മുഴുവൻ ഇവയുടെ ആക്രമണം വ്യാപിക്കാൻ കാരണമാകുന്നു (Pineapple mealybug confirmed in Mavoor).
കേരളത്തിൽ വിവിധ വഴതോട്ടങ്ങളിൽ ഈ കീടത്തിന്‍റെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെങ്കിലും ഇവയുടെ ആക്രമണം അതിരൂക്ഷം ആവുന്നത് ഇതാദ്യമായാണ് ശ്രദ്ധയിൽ വരുന്നത്.
മാവൂർ കൃഷി ഓഫീസർ ഡോ. ദർശന ദിലീപ് നൽകിയ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ഡോ ഗവാസ് രാഗേഷും സംഘവും, അഖിലേന്ത്യ ഏകോപിത ഫലവർഗ്ഗ ഗവേഷണ പദ്ധതിയുടെ ഭാഗമായി പൈനാപ്പിൾ മീലി മൂട്ടയുടെ കീട ബാധയുള്ള വഴതോട്ടങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി (Pineapple mealybug confirmed in Mavoor).
കീട നിയന്ത്രണ മാർഗ്ഗങ്ങൾ ചെയ്യുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിച്ചു. മറ്റ് കൃഷിയിടങ്ങളിലെ വാഴകളിൽ പൈനാപ്പിൾ മീലി മൂട്ടകളുടെ ആക്രമണവും സാന്നിധ്യവും കാണുന്ന പക്ഷം കൃഷി ഓഫീസറെയോ ഡോ ഗവാസിനെയോ അറിയിക്കണമെന്ന് മാവൂർ കൃഷി ഓഫീസർ ഡോ: ദർശന ദിലീപ് അറിയിച്ചു. ഫോൺ: 94957 56549, 9383471861