കക്കയത്ത് വീണ്ടും കാട്ടുപോത്തിന്‍റെ ആക്രമണം; കർഷകന് ദാരുണാന്ത്യം കോഴിക്കാട്: കക്കയത്ത് വീണ്ടും കാട്ടുപോത്ത് ആക്രമണം. ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. കക്കയം സ്വദേശി അവറാച്ചൻ എന്ന പാലാട്ട് എബ്രഹാമാണ് (70) മരിച്ചത്. കക്കയം ഡാം സൈറ്റിനടുത്തുള്ള കൃഷിയിടത്തിൽ വെച്ച് ഉച്ച തിരിഞ്ഞാണ് ആക്രമണമുണ്ടായത്.
കക്ഷത്തിൽ ആഴത്തിൽ കൊമ്പ് ഇറങ്ങിയിരുന്നു. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള കക്കയം ഡാം സൈറ്റ് റോഡിൽ കൃഷിയിടത്തിൽ വച്ചാണ് കാട്ടുപോത്ത് കുത്തിയത്. കഴിഞ്ഞ നാൽപത് വർഷമായി വനപ്രദേശത്ത് താമസിക്കുകയായിരുന്ന എബ്രഹാം രണ്ട് മാസം മുമ്പാണ് കക്കയം അങ്ങാടിക്കടുത്തേക്ക് താമസം മാറ്റിയത്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി (Wild buffalo attack; Farmer seriously injured).
നേരത്തെ കക്കയം ഡാം സൈറ്റിൽ വിനോദ സഞ്ചാരികൾക്ക് നേരെയും കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായിരുന്നു. ജനുവരി 24ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ നടന്ന സംഭവത്തിൽ ഒരു അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ഇടപ്പള്ളി തോപ്പിൽ വീട്ടിൽ നീതു ഏലിയാസ് (32), മകൾ ആൻമരിയ (4) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീതു ഏലിയാസിന്‍റെ പരുക്ക് ഗുരുതരമായിരുന്നു. വാരിയെല്ലിന് പൊട്ടലും, തലയ്ക്ക് പരുക്കും പറ്റി. എറണാകുളത്ത് നിന്നും കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയ ശേഷം ഡാം കാണാൻ എത്തിയപ്പോഴാണ് അമ്മയ്ക്കും മകള്‍ക്കും നേരെ ആക്രമണമുണ്ടായത്.
കുട്ടികളുടെ പാർക്കിന് സമീപം നിന്നിരുന്ന സംഘത്തെ കാട്ടുപോത്ത് പാഞ്ഞു വന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് നിരവധി പേർ ഉണ്ടായിരുന്നെങ്കിലും പലരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് കാട്ടുപോത്തുകൾ പെരുകിയതായി ഉദ്യോഗസ്ഥരും പറഞ്ഞു.
കൂരാച്ചുണ്ട് കോട്ടപ്പാലത്തും ഇന്നലെ (04-03-2024) കാട്ടുപോത്തിറങ്ങിയിരുന്നു. കൂരാച്ചുണ്ട് അങ്ങാടിക്കടുത്താണു കാട്ടുപോത്തിനെ കണ്ടത്. കാട്ടുപോത്തുകള്‍ മൂന്നെണ്ണമുണ്ടെന്നാണു നാട്ടുകാർ പറഞ്ഞത്. വീടുകളുടെ മുറ്റത്തും കാട്ടുപോത്ത് എത്തി. വനപാലകരുടെ നേതൃത്വത്തിൽ സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.