കോഴിക്കോട്: വടക്കൻ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായത് കോടികളുടെ നഷ്‌ടം. പലയിടത്തും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിക്കാനായില്ല. ഇതോടെ വടക്കൻ കേരളത്തിലെ ജില്ലകളിലേക്ക് കെഎസ്ഇബിയുടെ പ്രത്യേക സംഘത്തെ വിന്യസിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.
കഴിഞ്ഞ ഒരാഴ്‌ചയായി പെയ്‌ത കനത്ത മഴയിലും ശക്തമായ കാറ്റിലും വടക്കൻ കേരളത്തിലെ പല ഇലക്ട്രിക്കൽ സർക്കിളുകളിലും വൈദ്യുതി വിതരണം തകരാറിലായിരിക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിന് തെക്കൻ ജില്ലകളിലെ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിന്യസിക്കാൻ കെഎസ്ഇബി ചെയർമാനോടും മാനേജിങ് ഡയറക്‌ടറോടും നിർദേശിച്ചതായി കൃഷ്‌ണൻകുട്ടി പറഞ്ഞു. വടക്കൻ ജില്ലകളിൽ 54.4 കോടി രൂപയുടെ നഷ്‌ടമാണ് ഇതുവരെ കെഎസ്ഇബി കണക്കാക്കിയിരുന്നത്.