കേരളം

kerala

ETV Bharat / state

മത്സര ചിത്രം തെളിഞ്ഞ റബറിന്‍റെ നാട്ടില്‍ അഭിമാനപ്പോരാട്ടത്തിന് തയ്യാറെടുത്ത് കേരള കോണ്‍ഗ്രസുകള്‍ - Kottayam Lok Sabha constituency

മാണി വിഭാഗം യുഡിഎഫ് വിട്ട ശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പിന് കോട്ടയത്ത് കളമൊരുങ്ങി. മണ്ഡല ചരിത്രമറിയാം...

കോട്ടയം ലോക്‌സഭ മണ്ഡലം  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  Lok Sabha election 2024  Kottayam Lok Sabha constituency  parliament election
Lok Sabha election 2024

By ETV Bharat Kerala Team

Published : Feb 25, 2024, 10:07 AM IST

കോട്ടയം :പിളര്‍പ്പും ചാഞ്ചാട്ടവും കൂടെപ്പിറപ്പായ കേരള കോണ്‍ഗ്രസിന്‍റെയും കെ എം മാണിയുടെയും തട്ടകം എന്നതിലുപരി റബര്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന ഒരു മണ്ഡലം കൂടിയായ കോട്ടയത്താണ് സംസ്ഥാനത്തെ ആദ്യ മത്സര ചിത്രം തെളിഞ്ഞത്. അതും 47 വര്‍ഷത്തിന് ശേഷം കോട്ടയത്ത് കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഇക്കുറി പോരാട്ടത്തിന് വീറും വാശിയും മാത്രമല്ല, ആവേശവും കൂടും. കടുത്ത വേനലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ചൂട് അതുകൊണ്ട് തന്നെ ഉഷ്‌ണമാപിനിയിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കെയിലിലായിരിക്കും.

ഇത്തവണ കേരള കോണ്‍ഗ്രസുകളുടെ മത്സരം എന്നതിനുമപ്പുറം പരിചയ സമ്പന്നരുടെ മത്സരം കൂടിയാണ്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ഥി സിറ്റിങ് എംപി കൂടിയായ തോമസ് ചാഴിക്കാടനാണെങ്കില്‍ ജോസഫ് വിഭാഗം രംഗത്തിറക്കുന്നത് അതിലും പരിചയ സമ്പന്നനായ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിനെയാണ്. 1991ല്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കെ പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബു ചാഴിക്കാടന്‍റെ പിന്‍ഗാമി എന്ന നിലയില്‍ അപ്രതീക്ഷിതമായാണ് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായത്. പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എ ആകുകയും ചെയ്‌തത്.

എന്നാല്‍, കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാനായിരുന്ന കെ എം ജോര്‍ജിന്‍റെ മകന്‍ എന്ന മേല്‍വിലാസത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തിറങ്ങുന്നത്. കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പിന് ശേഷം 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന് അവരുടെ തട്ടകമായ പാല നഷ്‌ടപ്പെട്ടെങ്കിലും മുന്നണി മാറ്റം നേട്ടമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്ന കേരള കോണ്‍ഗ്രസ്, കോട്ടയം മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്.

ഇക്കുറി മുന്നണി മാറി വീണ്ടും അതേ സ്ഥാനാര്‍ഥി തന്നെ കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ചിന്തിക്കാനാകില്ല. അതേസമയം, യുഡിഎഫ് അത്യധ്വാനം ചെയ്‌ത് വിജയിപ്പിച്ച മണ്ഡലം എല്‍ഡിഎഫിന് താലത്തിൽ വച്ചു നല്‍കിയ മാണി വിഭാഗത്തെ പാഠം പഠിപ്പിക്കാന്‍ ഇതിലും നല്ല അവസരം കോണ്‍ഗ്രസിനും ജോസഫ് വിഭാഗത്തിനും ലഭിക്കാനില്ല. ഈ ഘടകങ്ങളെല്ലാം ഒന്നിക്കുമ്പോള്‍ കോട്ടയത്ത് മത്സരച്ചൂട് എത്ര ഡിഗ്രി സെല്‍ഷ്യസിലേക്കുയരും എന്നു പ്രവചിക്കാൻ വയ്യ.

പുറമേയുള്ള പ്രചാരണങ്ങള്‍ക്കുമപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഇത്തവണ കോട്ടയത്തിലുണ്ടാകും എന്ന കണക്കുകൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. കോട്ടയത്തിന്‍റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബറിന്‍റെ വിലയിടിവ് കര്‍ഷകരിലും വ്യാപാരികളിലും സൃഷ്‌ടിച്ചിരിക്കുന്നത് ഒരു തരം നിസംഗതയമാണ്. ഈ വികാരം കോട്ടയത്തിന്‍റെ ഫലത്തില്‍ നിര്‍ണായകമാകുമെന്നതില്‍ രണ്ടാമതൊരാലോചന വേണ്ട.

മറ്റൊന്ന് മുന്നണിമാറ്റ സമയത്തുള്ളത്ര ഊഷ്‌മളത കേരള കോണ്‍ഗ്രസും സിപിഎമ്മും തമ്മിലില്ലെന്നതാണ്. ഇതിനും പുറമേ നവകേരള സദസനിടെ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് സിറ്റിങ് എംപിക്കേറ്റ അവഹേളനം. ഒരുപക്ഷേ, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ എല്‍ഡിഎഫിലെ തുടര്‍ച്ച പോലും നിര്‍ണയിക്കുന്ന തരത്തിലുള്ള നിര്‍ണായകമായ തെരഞ്ഞെടുപ്പ് ഫലമായിരിക്കും കോട്ടയത്തെ കാത്തിരിക്കുന്നത്.

വർഷം വിജയി പാർട്ടി
1952 സി പി മാത്യു കോണ്‍ഗ്രസ്
1957 മാത്യു മണിയങ്ങാടൻ
1962
1967 കെ എം എബ്രഹാം സിപിഎം
1971 വർക്കി ജോർജ് കേരള കോൺഗ്രസ്
1977 സ്‌കറിയ തോമസ്
1980
1984 സുരേഷ് കുറുപ്പ് സിപിഎം
1989 രമേശ് ചെന്നിത്തല കോൺഗ്രസ്
1991
1996
1998 സുരേഷ് കുറുപ്പ് സിപിഎം
1999
2004
2009 ജോസ് കെ മാണി കേരള കോൺഗ്രസ്
2014
2019 തോമസ് ചാഴിക്കാടൻ

മണ്ഡല ചരിത്രം : കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് എന്ന മധ്യ തിരുവിതാംകൂര്‍ പാര്‍ട്ടി രൂപീകൃതമാകുന്നത് 1964ല്‍ ആയിരുന്നെങ്കിലും പാര്‍ട്ടി പിറവി കൊണ്ട മണ്ഡലം കേരള കോണ്‍ഗ്രസിനെ വാരി പുണര്‍ന്നു എന്നു പറയാന്‍ കഴിയില്ലെന്നു മാത്രമല്ല, കണക്കറ്റ് ശിക്ഷിച്ചിട്ടുമുണ്ട്. കേരള കോണ്‍ഗ്രസ് രൂപീകൃതമായ ശേഷം 1967ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഇറങ്ങിയ കെ പി മാത്യു മൂന്നാം സ്ഥാനത്തായി. എങ്കിലും തങ്ങളുടെ ബദ്ധ വൈരികളായ കോണ്‍ഗ്രസിന്‍റെ മണ്ഡലത്തിന്‍റെ കുത്തക തകര്‍ക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിഞ്ഞു.

കെ എം എബ്രഹാം

1952ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി പി മാത്യുവിനായിരുന്നു ജയം. 1957ലും 62ലും മാത്യു മണിയങ്ങാടനിലൂടെ കോണ്‍ഗ്രസ് വിജയക്കുതിപ്പു തുടര്‍ന്നു. 1967ല്‍ കേരള കോണ്‍ഗ്രസ് ആദ്യമായി മത്സരത്തിനിറങ്ങിയതോടെ കോട്ടയം പതിവ് തെറ്റിച്ചു. കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടിനെ കേരള കോണ്‍ഗ്രസ് നെടുകെ പിളര്‍ത്തിയപ്പോള്‍ വിജയം സിപിഎമ്മിനായി.

48,581 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥി കെ എം എബ്രഹാം സിറ്റിങ് എംപി മാത്യു മണിയങ്ങാടനെ തോല്‍പ്പിച്ചു. 1971ല്‍ കോട്ടയം മണ്ഡലം കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച് കേരള കോണ്‍ഗ്രസ് പിടിച്ചെടുത്തു. 26,015 വോട്ടുകള്‍ക്ക് വര്‍ക്കി ജോര്‍ജ് ആദ്യമായി കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തെ കേരള കോണ്‍ഗ്രസിന്‍റെ അക്കൗണ്ടിലെത്തിച്ചു.

സംഘടന കോണ്‍ഗ്രസ് പ്രതിനിധിയായി രംഗത്തിറങ്ങിയ കോട്ടയത്തെ മുന്‍ എംപി മാത്യു മണിയങ്ങാടന്‍ വെറും 18,599 വോട്ട് നേടി മൂന്നാം സ്ഥാനത്തായി. രൂപീകൃതമായി പതിമൂന്നാം വര്‍ഷത്തില്‍ കേരള കോണ്‍ഗ്രസ് ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തില്‍ പിള്ള വിഭാഗമെന്നും കെ എം മാണിയുടെ നേതൃത്വത്തില്‍ മാണി വിഭാഗമെന്നും രണ്ടായത് 1977ലാണ്. പിള്ള വിഭാഗം ഇടത് മുന്നണിയിലും മാണി വിഭാഗം കോണ്‍ഗ്രസ് മുന്നണിയിലും നിലയുറപ്പിച്ചു.

അതേ വര്‍ഷം നടന്ന ലോകസ്ഭ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകത്തില്‍ ഇരു കേരള കോണ്‍ഗ്രസുകളും ആദ്യമായി പരസ്‌പരം ഏറ്റുമുട്ടി. മാണി വിഭാഗത്ത് നിന്നും സ്‌കറിയ തോമസും പിള്ള വിഭാഗം സ്ഥാനാര്‍ഥിയായി വര്‍ക്കി ജോര്‍ജും മത്സര രംഗത്ത്. മാണി വിഭാഗം സ്ഥാനാര്‍ഥി സ്‌കറിയ തോമസിനായിരുന്നു വിജയം. ഇതിനിടെ 1979 നവംബര്‍ ഒന്നിന് മാണി വിഭാഗം കോണ്‍ഗ്രസ് മുന്നണി വിട്ട് എല്‍ഡിഎഫിലെത്തി. 1980ല്‍ സിറ്റിങ് എംപി സ്‌കറിയ തോമസ് ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിച്ച് കോണ്‍ഗ്രസിലെ കെ എം ചാണ്ടിയെ പരാജയപ്പെടുത്തി.

സ്‌കറിയ തോമസ്

1981 ഒക്ടോബര്‍ 20ന് കെ എം മാണി ഇടത് ബന്ധം ഉപേക്ഷിച്ച് വീണ്ടും മറുകണ്ടം ചാടി യുഡിഎഫിലെത്തി. ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ആഞ്ഞുവീശിയ സഹതാപ തരംഗമുണ്ടായിട്ടും 1984ലെ ലോകസ്ഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സ്‌കറിയ തോമസ് പരാജയപ്പെട്ടു. സഹതാപ തരംഗത്തെ അതിജീവിച്ച സുരേഷ് കുറുപ്പ് കോട്ടയം പിടിച്ച് കേരളത്തില്‍ സിപിഎമ്മിന്‍റെ അഭിമാനം കാത്തു.

സുരേഷ് കുറുപ്പ്

1989ല്‍ രമേശ് ചെന്നിത്തലയിലൂടെ സുരേഷ് കുറുപ്പിനെ അട്ടിമറിച്ച് കോണ്‍ഗ്രസ് കോട്ടയം പിടിച്ചു. 22 വര്‍ഷത്തിന് ശേഷം കോട്ടയത്ത് അങ്ങനെ കോണ്‍ഗ്രസ് എംപിയായി. 1991ലെ രാജീവ് ഗാന്ധി വധമുയര്‍ത്തിയ സഹതാപ തരംഗത്തില്‍ രമേശ് ചെന്നിത്തല വിജയം ആവര്‍ത്തിച്ചു. 1996ല്‍ ജനതാദളിലെ ജയലക്ഷ്‌മിയെ തോല്‍പ്പിച്ച് ചെന്നിത്തല മണ്ഡലത്തില്‍ ഹാട്രിക് തികച്ചു.

രമേശ് ചെന്നിത്തല

1998 വീണ്ടും കോട്ടയത്ത് കളത്തിലിറങ്ങിയ സുരേഷ് കുറുപ്പ് രമേശ് ചെന്നിത്തലയുടെ ജൈത്രയാത്രയ്ക്ക് വിരാമമിട്ടു. 1999ല്‍ കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയേയും 2004 കോണ്‍ഗ്രസിന്‍റെ ആന്‍റോ ആന്‍റണിയേയും തോല്‍പ്പിച്ച് കോട്ടയത്ത് സുരേഷ്‌ കുറുപ്പും ഹാട്രിക് നേടി. 2009ല്‍ കോട്ടയത്ത് വീണ്ടും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരത്തിനിറങ്ങി.

യുഡിഎഫിന് വേണ്ടി അങ്കത്തിനിറങ്ങിയ ജോസ് കെ മാണി സിറ്റിങ് എംപി സുരേഷ്‌ കുറുപ്പിനെ പരാജയപ്പെടുത്തി. 2014ല്‍ വിജയം ആവര്‍ത്തിച്ച ജോസ് കെ മാണി ജനതാദളിലെ മാത്യു തോമസിനെ പരാജയപ്പെടുത്തി. 2019ല്‍ യുഡിഎഫിനൊപ്പമായിരുന്ന മാണി വിഭാഗം തോമസ് ചാഴിക്കാടനെ മത്സരിപ്പിച്ചു.

ജോസ് കെ മാണി

കോട്ടയത്തെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷമായ 1,06,259 വോട്ടുകള്‍ക്ക് സിപിഎമ്മിലെ വി എന്‍ വാസവനെ പരാജയപ്പെടുത്തി തോമസ് ചാഴിക്കാടന്‍ മണ്ഡലം യുഡിഎഫ് പക്ഷത്ത് നിലനിര്‍ത്തി. എന്നാല്‍ 2020ല്‍ മാണി വിഭാഗം യുഡിഎഫ് ബാന്ധമുപേക്ഷിച്ച് എല്‍ഡിഎഫ് പക്ഷത്തേക്ക് പോയതോടെ ചാഴിക്കാടനും എല്‍ഡിഎഫിലെത്തി. കോട്ടയത്ത് തന്‍റെ രണ്ടാം അങ്കത്തിന് ചാഴിക്കാടന്‍ കളത്തിലിറങ്ങുമ്പോള്‍ 2019ലെ യുഡിഎഫ് വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മുന്‍ ഇടുക്കി എംപി കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ്.

തോമസ് ചാഴിക്കാടൻ

ബിജെപിക്ക് വേണ്ടി ഒരുപക്ഷേ സാക്ഷാല്‍ പി സി ജോര്‍ജ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല. അങ്ങനെയെങ്കില്‍ കോട്ടയത്ത് അരങ്ങൊരുങ്ങുക ത്രികോണപ്പോരിനാകുമെന്നുറപ്പാണ്.

കോട്ടയം ലോക്‌സഭ മണ്ഡലം :ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, വൈക്കം, പിറവം എന്നീ നിയോജക മണ്ഡലങ്ങൾ ചേരുന്നതാണ് കോട്ടയം നിയമസഭ മണ്ഡലം.

2019ലെ തെരഞ്ഞെടുപ്പ് ഫലം

തോമസ് ചാഴിക്കാടന്‍ (യുഡിഎഫ്) - 4,21,046

വിഎന്‍ വാസവന്‍ (എല്‍ഡിഎഫ്) -3,14,787

പിസി തോമസ് - 1,55,135

ഭൂരിപക്ഷം - 1,06,259

ABOUT THE AUTHOR

...view details