കാസർകോട് :സ്ഥലം മനസിലാക്കി വച്ച് മോഷണംനടത്തുന്ന യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ഉണ്ണി മുരുകനാണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് സ്വദേശി ഗീതയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രോഗികളെ സഹായിക്കാൻ സംഭാവന നൽകണമെന്ന് പറഞ്ഞ് ഓരോ വീടുകളിൽ എത്തുകയും പിന്നീട് മോഷണം നടത്തുകയും ചെയ്യുന്നതാണ് പ്രതിയുടെ പതിവ് രീതി.
ഇങ്ങനെ ഗീതയ്ക്ക് നഷ്‌ടമായത് ഏഴു പവൻ സ്വർണമാണ്. തൃശൂരിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് വ്യാപകമായി പിരിവ് നടത്തിയിരുന്നത്. അതിലെ ഒരാളായിരുന്നു പ്രതി. പൊലീസ് പിന്നീട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു ട്രസ്റ്റ് ഇല്ലെന്ന് കണ്ടെത്തി.
പിരിവിനായി കൂലിക്ക് ആളെ നിർത്തും
ദിവസ കൂലിക്കാണ് പിരിവിനു ആളെ നിർത്തുന്നത്. നാലോ അഞ്ചോ പേരെ ഇതിനായി നിയോഗിക്കും. ഓരോ പ്രദേശത്തേക്ക് പറഞ്ഞയയ്ക്കും. ഈ രീതിയിൽ കാഞ്ഞങ്ങാട് നിയമിക്കപ്പെട്ടവരാണ് ഉണ്ണി മുരുകനും മറ്റുള്ളവരും. ആരാണ് ഇവരെ നിയോഗിക്കുന്നത് എന്ന് വെളുപ്പെടുത്തിയിട്ടില്ല.
സംഭാവന വാങ്ങുന്നതിനൊപ്പം പരിസരം മനസിലാക്കും
ഗീതയുടെ വീട്ടിൽ എത്തിയപ്പോൾ ഉണ്ണി മുരുകൻ വീടും സ്ഥലവും മനസിലാക്കി. ഗീത 100 രൂപ സംഭാവന നൽകിയിരുന്നു. വീട് പൂട്ടിയാൽ താക്കോൽ എവിടെ വയ്ക്കുമെന്ന് കണ്ടുപിടിച്ചു. ഗീത വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം താക്കോൽ എടുത്ത് ഉണ്ണി മുരുകൻ അകത്തെ അലമാരായിൽ വച്ച സ്വർണം മോഷ്‌ടിക്കുകയായിരുന്നു. ഇതിൽ കുറച്ചു കാഞ്ഞങ്ങാട് തന്നെ വിറ്റു. ആ പണവുമായി പിന്നെ കൊല്ലത്തേക്ക് പോകുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.