കശുവണ്ടിക്കുംമത്സ്യസമ്പത്തിനും പേരുകേട്ട കൊല്ലം സംസ്ഥാനത്ത് ആര്‍എസ്‌പിക്ക് സ്വാധീനമുള്ള ഏക മേഖലയാണ്. 2008ലെ മണ്ഡല പുനക്രമീകരണത്തിന്‍റെ ഭാഗമായാണ് കൊല്ലം ലോക്‌സഭ മണ്ഡലം ഇപ്പോഴുള്ള വിധത്തില്‍ രൂപീകൃതമായത്. നിലവില്‍ ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇപ്പോഴുള്ളത്.
നേരത്തെ കുന്നത്തൂര്‍, കരുനാഗപ്പള്ളി,ചവറ, പുനലൂര്‍, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതായിരുന്നു കൊല്ലം ലോക്‌സഭ മണ്ഡലം. ശക്തമായ ത്രികോണപ്പോരിനാണ് മണ്ഡലം ഇക്കുറി സാക്ഷ്യം വഹിച്ചത്. ഹാട്രിക് മോഹവുമായി കളത്തിലിറങ്ങിയ എന്‍ കെ പ്രേമചന്ദ്രനും പ്രേമചന്ദ്രനെ തറപറ്റിക്കാനുറച്ച് കൊല്ലത്തെ സിറ്റിങ്ങ് എംഎല്‍എയെ തന്നെ കളത്തിലിറക്കി സിപിഎമ്മും മറ്റൊരു താരമായ കൃഷ്ണകുമാറിനെ രംഗത്തിറക്കി ബിജെപിയും കളം നിറഞ്ഞു.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പാര്‍ലമെന്‍റേറിയനും രണ്ട് ചലച്ചിത്ര താരങ്ങളും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോര് എന്ന നിലയിലും കൊല്ലത്തെ തെരഞ്ഞെടുപ്പ് പോരാട്ടം ഏറെ ശ്രദ്ധേയമായിരുന്നു. മണ്ഡലത്തില്‍ ബിജെപി-യുഡിഎഫ് അടിയൊഴുക്കുകളുണ്ടെന്നും ജയിച്ച് കഴിഞ്ഞാല്‍ പ്രേമചന്ദ്രന്‍ ബിജെപി പാളയത്തിലെത്തുമെന്നുമാണ് സിപിഎം ക്യാമ്പിന്‍റെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് പാര്‍ലമെന്‍റ് ക്യാന്‍റീനില്‍ കഴിച്ച ഒരു ഉച്ചയൂണാണ് ഈ ആരോപണത്തിന് പിന്നില്‍.
ഇടത് വലത് മുന്നണികള്‍ ഒരു പോലെ വിജയിച്ച് കയറിയ ചരിത്രമാണ് കൊല്ലത്തിനുള്ളത്. എങ്കിലും ആര്‍എസ്‌പിക്ക് സ്വാധീനമുള്ള സംസ്ഥാനത്തെ ഏക മേഖലയാണിത് പ്രത്യേകതയുണ്ട്. പാര്‍ട്ടിയുടെ വികാരമായിരുന്ന കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കുകയും ആര്‍എസ്‌പിയെ തഴയുകയും ചെയ്‌തതോടെ ആയിരുന്നു 2014ല്‍ ആര്‍എസ്‌പി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലെത്തിയത്.
അന്ന് എന്‍ കെ പ്രേമചന്ദ്രനെ ആയിരുന്നു ആര്‍എസ്‌പി കളത്തിലിറക്കിയത്. സിപിഎമ്മിനെ തറപറ്റിച്ച പ്രേമചന്ദ്രന്‍ 2019ലും വിജയം ആവര്‍ത്തിച്ചു. ഹാട്രിക് വിജയം ലക്ഷ്യമിട്ട് പ്രേമചന്ദ്രന്‍ ഇക്കുറി കളത്തിലിറങ്ങിയപ്പോള്‍ കൊല്ലത്തെ സിറ്റിങ്ങ് എംഎല്‍എയായ മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നായിരുന്നു സിപിഎമ്മിന്‍റെ കണക്കുകൂട്ടല്‍.
ആര്‍എസ്‌പിയുടെ എന്‍ ശ്രീകണ്‌ഠന്‍ നായരാണ് 1951ലെ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ കൊല്ലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. 1957ല്‍ സിപിഐയുടെ കൊടിയന്‍ വിജയിച്ചു. പിന്നീട് ഏഴ് തവണ ആര്‍എസ്പിയുടെ കുത്തകമണ്ഡലമായി കൊല്ലം നിലനിന്നു. 62ലെ തെരഞ്ഞെടുപ്പില്‍ ശ്രീകണ്‌ഠന്‍ നായര്‍ മണ്ഡലം തിരിച്ച് പിടിച്ചു. പിന്നീട് 77 വരെ അദ്ദേഹം വിജയം ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അഞ്ച് തവണയാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. 1980ല്‍ ശ്രീകണ്ഠന്‍നായരെ പരാജയപ്പെടുത്തി കോണ്‍ഗ്രസിെല ബി കെ നായര്‍ വിജയിച്ചു. അടുത്ത തവണയും ബി കെ നായര്‍ വിജയിച്ചു. 89ല്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന എസ് കൃഷ്ണകുമാറിനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 1989ലും 1991ലും കൃഷ്‌ണകുമാര്‍ വിജയിച്ചതോടെ ശ്രീകണ്ഠന്‍ നായര്‍ക്ക് ശേഷം കൊല്ലത്ത് നിന്ന് ഹാട്രിക് വിജയം നേടുന്ന നേതാവായി കൃഷ്‌ണകുമാര്‍ മാറി.
1996ലായിരുന്നു ആര്‍എസ്‌പിയുടെ അന്നത്തെ യുവനേതാവായിരുന്ന എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരിക്കുന്നത്. കന്നിയങ്കത്തില്‍ തന്നെ അദ്ദേഹം കൃഷ്‌ണകുമാറിനെ വീഴ്‌ത്തി. 78,370 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു പ്രേമചന്ദ്രന്‍റെ വിജയം. 98ലും പ്രേമചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു.