തിരുവനന്തപുരം:കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജിൽ വനിത ഡോക്‌ടറെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്തും പ്രതിഷേധം ശക്‌തം. ഇന്ന് (ഓഗസ്‌റ്റ് 12) സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്‌ടർമാരും ബിരുദാനന്തര ബിരുദ വിദ്യാർഥികളും മെഡിക്കൽ അധ്യാപകരും പ്രതിഷേധ പ്രകടനം നടത്തും. സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ കഴിഞ്ഞ ദിവസം പിജി വിദ്യാർഥിനിയുടെ ദാരുണമായ കൊലപാതകത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു.
മാത്രമല്ല, ഈ സംഭവത്തിനെതിരെ സംസ്ഥാനത്തെ ഡോക്‌ടർമാർ പ്രതിഷേധിക്കുമെന്നും അറിയിച്ചു. നൈറ്റ് ഡ്യൂട്ടിയുടെയും അത്യാഹിത വിഭാഗത്തിന്‍റെയും ജോലിയുടെ ഭാഗമായ വനിതാ ഡോക്‌ടർമാരുടെ സുരക്ഷ എപ്പോഴും ആശങ്കാജനകമാണെന്നും കെജിഎംസിടിഎ പ്രസ്‌താവനയിൽ പറഞ്ഞു.
സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കേണ്ടത് അതത് സർക്കാരുകളുടെ ഉത്തരവാദിത്തമാണ്. അതിലൂടെ അവർക്ക് അവരുടെ ജോലി നിർഭയമായി നിർവഹിക്കാൻ കഴിയും. ഡോക്‌ടർമാരുടെയും മെഡിക്കോകളുടെയും ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്‌ടർമാരുടെ സംഘടനകൾ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൽ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
ഇതിൻ്റെ ഭാഗമായി തിങ്കളാഴ്‌ച കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും മെഡിക്കൽ ടീച്ചർമാർ, പിജി ഡോക്‌ടർമാർ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോ റോസനാര ബീഗം അറിയിച്ചു.
Also Read:ജൂനിയര്‍ ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, മമതയുടെ മൗനത്തെ ചോദ്യം ചെയ്‌ത് ബിജെപി