എറണാകുളം: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ നിയമപോരാട്ടം തുടരുമെന്നും സുപ്രിം കോടതിയെ സമീപിക്കുമെന്നും കെ കെ രമ എംഎൽഎ. പ്രതികളുടെ ശിക്ഷ വർധിപ്പിച്ച ഹൈക്കോടതി വിധിയോടെ ഭാഗികമായി നീതി ലഭിച്ചെന്നും അവർ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു കെ കെ രമ.
കെ കെ രമയുടെ വാക്കുകള്‍:
"ശിക്ഷ വർധിപ്പിക്കണമെന്ന ഞങ്ങളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. നല്ല വിധിയാണ് ഹൈക്കോടതി ഇന്ന് പ്രഖ്യാപിച്ചത്. വിധിയെ സ്വാഗതം ചെയ്യുകയാണ്. ടി പി വധത്തിന് പിന്നിലെ വലിയ ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സുപ്രിം കോടതിയെ സമീപിക്കും. പരാമവധി ശിക്ഷ നൽകണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. ഇരട്ട ജീവപര്യന്തമെന്നത് പരമാവധി ശിക്ഷ തന്നെയാണ്. എല്ലാ പ്രതികളും നിയമത്തിൻ്റെ മുന്നിൽ എത്തിയിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികളും, ഗൂഡാലോചനയിൽ പങ്കെടുത്ത മുന്ന് പ്രതികളും, ഇപ്പോൾ പ്രതിചേർത്ത രണ്ട് പേരും ഉൾപ്പെടെ പന്ത്രണ്ട് പേരാണ് ശിക്ഷിക്കപെട്ടത്. അതിനപ്പുറത്ത് മാസ്‌റ്റ്ർ ബ്രൈനായി പ്രവർത്തിച്ചവർ ഇപ്പോഴും പുറത്താണുള്ളത്. അത് കൊണ്ടാണ് ടി പി വധത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുന്നത്.
ഇന്നത്തെ കോടതി വിധി സിപിഎമ്മിന് വലിയ താക്കീതാണ്. അക്രമരാഷ്ട്രീയത്തിനെതിരായ വലിയൊരു സന്ദേശമാണ് ഹൈക്കോടതി വിധിയിലുള്ളത്. വരുന്ന ലോക്‌സഭ തെരെഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. വടകര മണ്ഡലത്തിലെ തെരെഞ്ഞെടുപ്പിൽ ഈ കോടതി വിധി ചർച്ചയാകും. കാരണം പ്രതികളെല്ലാം ഈ മേഖലയിലുള്ളവരാണ്. പ്രതികളെ ഹൈക്കോടതിയിലെത്തിച്ച രണ്ട് ദിവസവും വടകര മേഖലയിലെ സിപിഎം നേതാക്കൾ അവരെ കാണാൻ എത്തിയിരുന്നു. ഇപ്പോഴും കുറ്റക്കാർക്ക് ഒപ്പമാണ് സിപിഎം എന്നാണ് ഇത് തെളിയിക്കുന്നത്.
പ്രാദേശികമായി മാത്രമല്ല സംസ്ഥാന തലത്തിൽ തന്നെ ടി പി വധം ഒരിക്കൽ കൂടിചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ കൊലപാതക കേസുകളിൽ ഗൂഡാലോചന നടത്തിയ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് തന്നെ അപൂർവ്വമാണ്. പാർട്ടി ലിസ്‌റ്റ് അനുസരിച്ച് പ്രതിചേർക്കുന്ന പ്രതികൾ ശിക്ഷിപ്പെടുന്ന രീതി തന്നെ മാറിയത് ടി പി കേസോടെയാണ്. ഹൈക്കോടതി വിധി മാതൃകപരമായ ശിക്ഷയാണ്. വധശിക്ഷയാണ് ഞങ്ങൾ അവിശ്യപ്പെട്ടിരുന്നത് എങ്കിലും വ്യക്തിപരമായി വധശിക്ഷയെ അനുകൂലിക്കുന്നില്ല. ഒരു മനുഷ്യരുടെയും ജീവൻ എടുക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇത്തരം പ്രതികൾ ജീവിതാവസാനം വരെ ജയിലിൽ കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഇത് നാടിന് മാതൃകയാവണം. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കപ്പെടാതിരിക്കാൻ കാരണമാകണം."
Also Read: 'ടിപിയുടെ അമ്മ മരിച്ചത് ഹൃദയം പൊട്ടി'; പ്രതികൾക്ക് വധശിക്ഷയിര്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കെ കെ രമ