കാസർകോട്: എട്ടേക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശത്ത് നിറയെ പക്ഷികളുടെ കൊഞ്ചലും കളകളാരവവും. ലോകത്തെ പക്ഷി നിരീക്ഷകരുടെ വെബ്സൈറ്റായ ഇ - ബേർഡിൽ ഒന്ന് കണ്ണോടിച്ചാൽ കാണാം കാസർകോട്ടെ പക്ഷി ഗ്രാമത്തെക്കുറിച്ച്. കുമ്പളയ്ക്കടുത്ത് കിദൂർ എന്ന ഗ്രാമമാണ് അപൂർവയിനം പക്ഷികളെകൊണ്ട് ശ്രദ്ധേയമാകുന്നത്. 2016ലാണ് കിദൂരിലെ പക്ഷി നിരീക്ഷകർ ഇവിടെ അപൂർവമായി കണ്ടുവരുന്ന മഞ്ഞവരിയൻ പ്രാവുകളെ കണ്ടെത്തിയത്.
2017ൽ നടത്തിയ ബേർഡ് ഫെസ്റ്റിൽ 32 പ്രാവുകളെ കണ്ടെത്തി. തുടർന്നുള്ള നിരീക്ഷണത്തിലാണ് വിവിധയിനം പക്ഷികളെ കണ്ടെത്തിയത്. എന്നാൽ ഗ്രാമത്തിലെത്തി പക്ഷികളെ കണ്ട് വേഗം മടങ്ങാം എന്നു കരുതേണ്ട. ഇവിടെ എത്തി പ്രകൃതിയോട് ഇണങ്ങിയാൽ മാത്രമേ പക്ഷികൾ നമുക്ക് മുന്നിൽ എത്തുകയുള്ളൂ. ഒന്നും രണ്ടുമല്ല 174ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിധ്യം ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. പക്ഷിനിരീക്ഷകരുടേയും പ്രകൃതിസ്‌നേഹികളുടേയും മുഖ്യ ആകർഷണകേന്ദ്രം കൂടിയാണ് കിദൂർ.
ഗ്രാമീണ ടൂറിസം പദ്ധതിക്കായി ഈ പ്രദേശത്തെ കേരള സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിൽ പക്ഷികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ പക്ഷിഗ്രാമത്തിൽ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഇവിടെ പക്ഷി നിരീക്ഷകരും ഗവേഷകരും വിദ്യാർഥികളുമെത്താറുണ്ട്. ഇനി ഇവിടേക്ക് വരുന്ന നിരീക്ഷകർക്കും ഗവേഷകർക്കും താമസിച്ച് പക്ഷി നിരീക്ഷണം നടത്താം.
പക്ഷിഗ്രാമത്തിലെ ഡോർമെറ്ററിയുടെ നിർമാണം പൂർത്തിയാകുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി താമസത്തിന് വെവ്വേറെ മുറികൾ ഉണ്ടാകും. മീറ്റിങ് ഹാൾ, ശുചിമുറി, അടുക്കള, ഓഫിസ് മുറി എന്നിവയാണ് ഉണ്ടാകുക. 60 പേർക്ക് ഇവിടെ താമസിക്കാം. പക്ഷി നിരീക്ഷണത്തിനു പറ്റിയ പ്രദേശമാണ് കിദൂറെന്നു പക്ഷി നിരീക്ഷകനായ രാജു കിദൂർ പറഞ്ഞു. ഇവിടെ നിറയെ പക്ഷികളുണ്ട്. പക്ഷി നിരീക്ഷകർക്ക് അവയെ കണ്ട് നിരീക്ഷിച്ച് സന്തോഷത്തോടെ മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു.
പള്ളങ്ങളും കാഞ്ഞിരമരങ്ങളും കല്ലാലവും മുള്ളുവേങ്ങയും നിറഞ്ഞ കിദൂർ
കാഞ്ഞിരമരങ്ങളും കല്ലാലവും മുള്ളുവേങ്ങയും നിറഞ്ഞ നാടാണ് കിദൂർ. ഒരുവശത്തുകൂടി ഷിറിയ പുഴ ഒഴുകുന്നു. ജൈവ വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഇവിടം. ചെങ്കൽ കുന്നുകളും പ്രകൃതിയുടെ തനത് ജലസംഭരണകേന്ദ്രങ്ങളായ പള്ളങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
കേരളത്തിലെയും കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും പക്ഷിനിരീക്ഷകരുടെ ഇഷ്‌ടത്താവളമാണ് ഈ പക്ഷിഗ്രാമം. മഞ്ഞക്കണ്ണി തിത്തിരി, വെമ്പകം, മഞ്ഞക്കിളി എന്നിങ്ങനെ 174ഓളം ഇനത്തിൽപ്പെട്ട പക്ഷികളെ ഇവിടെ കാണുന്നുണ്ട്.