കോഴിക്കോട്: ഇറാന്‍ പിടികൂടിയ ഇസ്രയേല്‍ ബന്ധമുളള ചരക്ക് കപ്പലിലെ മൂന്ന് മലയാളികളും സുരക്ഷിതരെന്ന് റിപ്പോർട്ട്. കപ്പലിലെ സെക്കന്‍ഡ് എന്‍ജിനീയറായ കോഴിക്കോട് സ്വദേശി ശ്യാം നാഥ്, വയനാട് സ്വദേശി മിഥുൻ, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ളത്. ചരക്ക് കപ്പലായതിനാല്‍ തന്നെ ജീവനക്കാരോട് ഇറാന്‍ ശത്രുത കാട്ടില്ലെന്നാണ് പ്രതീക്ഷയെന്ന് ശ്യാം നാഥിന്‍റെ കുടുബം പറയുന്നത്.
ഇസ്രയേൽ പൗരനായ ഇയാല്‍ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍-സ്വിസ് കമ്പനി എംഎസ്‍സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചരക്ക് കപ്പലാണ് ഇറാന്‍ സേന പിടികൂടിയത്. വിവരം കപ്പല്‍ കമ്പനി കോഴിക്കോട് വെള്ളിപറമ്പിലെ ശ്യാം നാഥിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നു. കപ്പലിലുളള വയനാട് സ്വദേശി ധനേഷ് ബന്ധുക്കളെ വിളിച്ച് താന്‍ സുരക്ഷിതനെന്ന് അറിയിച്ചു. പാലക്കാട് സ്വദേശിയായ സുമേഷിന്‍റെ കുടുംബത്തെ വിളിച്ച കപ്പല്‍ കമ്പനി അധികൃതരും ആശങ്ക വേണ്ടെന്ന് അറിയിച്ചു.