കണ്ണൂർ: 'ദ കേരള സ്‌റ്റോറി' സിനിമ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് തലശ്ശേരി അതിരൂപത. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപതയുടേതല്ലെന്നും, മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിരൂപത അറിയിച്ചു. ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളിൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കുമെന്ന കെസിവൈഎമ്മിന്‍റെ അറിയിപ്പിന് പിന്നാലെയാണ് മറുപടിയുമായി തലശ്ശേരി അതിരൂപത എത്തിയത്.
അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ അതിരൂപത ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.
വിവാദമായ കേരള സ്‌റ്റോറി വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെ ഇത് തെരഞ്ഞെടുപ്പ് വിഷയമായി മാറിക്കഴിഞ്ഞിരുന്നു. തുടർന്ന് എല്‍ഡിഎഫും യുഡിഎഫും ദൂരദര്‍ശനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയ ചതിക്കുഴികളെക്കുറിച്ചുള്ള ബോധവത്‌കരണത്തിന്‍റെ ഭാഗമായാണ് വിദ്യാർഥികൾക്കായി ചിത്രം പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത പറഞ്ഞിരുന്നു. കാലഘട്ടത്തിന്‍റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സിനിമ പ്രദർശനത്തിന് ശേഷം താമരശ്ശേരി കെസിവൈഎം അറിയിച്ചു.
പിന്നാലെ തലശ്ശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് കെസിവൈഎം അറിയച്ചതോടെ ആണ് വിഷയം സങ്കീർണ്ണമായത്. കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്‌ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചിരുന്നു. ആര്‍എസ്എസ് അജണ്ട മുസ്‌ലിങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭ നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചു.
Also Read: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; പ്രണയ ചതികുഴികളെ കുറിച്ചുള്ള ബോധവത്‌ക്കരണമെന്ന് വിശദീകരണം