കേരളം

kerala

ETV Bharat / state

പരീക്ഷ തട്ടിപ്പിന് തടയിടാൻ കേന്ദ്ര നിയമം ; പ്രതീക്ഷയോടെ കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ - Exam Fraud

മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്ലിൽ പ്രതീക്ഷയർപ്പിച്ച് സർക്കാർ ജോലി സ്വപ്‌നം കാണുന്ന കേരളത്തിലെ ഉദ്യോഗാർഥികൾ. കേന്ദ്ര നടപടി സ്വാഗതാർഹമെന്ന് പ്രതികരണം.

Kerala PSC Fraud  പൊതുപരീക്ഷ ബിൽ  Public Exams Bill  Exam Fraud  കേരള പിഎസ്‌സി
Kerala PSC Frauds and Central Bill to Prevent Exam Cheating

By ETV Bharat Kerala Team

Published : Feb 6, 2024, 11:06 PM IST

തിരുവനന്തപുരം : മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചതിനെ ഏറെ പ്രതീക്ഷയോടെയാണ് കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ നോക്കിക്കാണുന്നത്. ബിൽ നിയമമായിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവർക്കും ന്യായമായ സാഹചര്യം ഒരുങ്ങുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതികരണം.

ചോദ്യക്കടലാസ് ചോർത്തൽ, ആൾമാറാട്ടം, ഉത്തരക്കടലാസ് തിരിമറി, റാങ്ക് ലിസ്റ്റ് അട്ടിമറി, എന്നിവയടക്കം 20 കുറ്റങ്ങൾ ഉൾപ്പെടുത്തി ഇന്നലെയാണ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പൊതുപരീക്ഷകളിൽ ക്രമക്കേട് കാണിക്കുന്നവർക്ക് 10 വർഷം വരെ ജയിൽ ശിക്ഷയും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്നതാണ് പൊതുപരീക്ഷ (അന്യായ രീതികൾ തടയുന്നതിനുള്ള) ബിൽ.

അടുത്തിടെ പിഎസ്‌സിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്‌ത തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ പുതിയ കേന്ദ്ര ബില്ലിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള പിഎസ്‌സികളിലൊന്നായി അറിയപ്പെട്ടിരുന്ന കേരള പിഎസ്‌സിയുടെ വിശ്വാസ്യത എമ്പാടും മുടിക്കുന്ന തരത്തിലുള്ള പരീക്ഷ തട്ടിപ്പുകളാണ് ആറുവര്‍ഷം മുമ്പുണ്ടായത്.

എസ്എഫ്ഐ നേതാക്കൾ ലിസ്‌റ്റിൽ: 2018 ല്‍ നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ തിരുവനന്തപുരത്തുള്ള യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ മൂന്നുപേര്‍ക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചിരുന്നു. എന്നാല്‍ കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതിയായതിന് പിന്നാലെ എസ്എഫ്‌ഐ നേതാക്കളുടെ കോപ്പിയടി പുറത്തുവരികയായിരുന്നു. എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരായിരുന്നു ആരോപണ വിധേയര്‍. 2018 ജൂലൈയില്‍ നടന്ന പിഎസ്‌സി പരീക്ഷയില്‍ വഴിവിട്ട രീതിയിലാണ് ഇവര്‍ റാങ്കുകള്‍ നേടിയതെന്ന് ആരോപണം ഉയര്‍ന്നു.

ആരോപണം ശക്തമായതോടെ പരീക്ഷയില്‍ നടന്ന ക്രമക്കേടിനെക്കുറിച്ച് അന്വേഷണം വന്നു. പുറത്തുനിന്നുള്ളവരുടെ സഹായത്തോടെയാണ് ഇവര്‍ പരീക്ഷ എഴുതിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹാളിലിരുന്ന് പരീക്ഷ എഴുതിയവര്‍ പരീക്ഷ ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. സംസ്‌കൃത കോളജിലിരുന്ന് ഇവരുടെ സുഹൃത്തുക്കളായ പ്രവീണ്‍, സഫീര്‍, പൊലീസ് ഉദ്യോഗസ്ഥനായ ഗോകുൽ എന്നിവര്‍ ഇവരുടെ സ്‌മാര്‍ട്ട് വാച്ചിലേക്ക് ഉത്തരങ്ങള്‍ അയച്ചുകൊടുക്കുകയായിരുന്നു. കൈയില്‍ കെട്ടിയ സ്‌മാര്‍ട്ട് വാച്ചുപയോഗിച്ച് ഇവര്‍ മികച്ച രീതിയില്‍ പരീക്ഷ എഴുതി. ഉന്നത വിജയവും നേടി.

കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായിട്ടും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത് നാല് വര്‍ഷത്തിന് ശേഷമാണ്. കുറ്റപത്രത്തില്‍ തൊണ്ടി മുതലുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമല്ലെന്ന് ചുണ്ടിക്കാട്ടി തിരുവനന്തപുരം സിജെഎം കോടതി ആദ്യം കുറ്റപത്രം മടക്കി. പിന്നീട് ആദ്യ കുറ്റ പത്രത്തിലെ പിഴവുകള്‍ തിരുത്തി 2023 ഏപ്രില്‍ 25 ന് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. 109 രേഖകളും 91 സാക്ഷികളും 39 തൊണ്ടി മുതലുകളുമുള്ള കുറ്റപത്രം കോടതിയുടെ പരിഗണനയിലാണ്.

കേരളത്തിലെ അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകരെ ഞെട്ടിച്ച മറ്റൊരു പരീക്ഷാ തട്ടിപ്പ് നടന്നത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. വിഎസ്എസ്‌സിയുടെ ടെക്‌നീഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് ഉപയോഗിച്ച എഴുതിയ രണ്ട് ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് പിടിയിലായത്.

പിഎസ് സിയുടെ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ നടന്ന തട്ടിപ്പിന്‍റെ മറ്റൊരു രൂപമായിരുന്നു വിഎസ്എസ്‌സി പരീക്ഷയില്‍ കണ്ടത്. ബെല്‍റ്റില്‍ ഘടിപ്പിച്ച ഫോണുമായാണ് ഇവിടെ പരീക്ഷാര്‍ത്ഥികള്‍ ഹാളിലെത്തിയത്. സമാന രീതിയില്‍ ചോദ്യ പേപ്പറുകളുടെ ചിത്രമെടുത്ത് പുറത്തേക്കയച്ചു. ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ പുറത്തുനിന്ന് ഉത്തരങ്ങള്‍ കൃത്യമായി ഇവരിലേക്കെത്തി. സ്‌മാര്‍ട്ട് വാച്ച് വഴിയും പുറത്തുനിന്നുള്ളവര്‍ ഉത്തരം എത്തിച്ചു കൊടുത്തു.

ഹരിയാനയില്‍ നിന്ന് പൊലീസിലേക്ക് വന്ന അജ്ഞാത ഫോണ്‍ സന്ദേശമാണ് പരീക്ഷ തട്ടിപ്പിനെപ്പറ്റിയുള്ള സൂചന നല്‍കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോട്ടണ്‍ഹില്‍, പട്ടം സെന്‍റ് മേരീസ് സ്‌കൂളുകളിലെ സെന്‍ററുകളില്‍ പരീക്ഷയെഴുതിയ സുമിത്, സുനില്‍ എന്നീ ഹരിയാനക്കാര്‍ പിടിയിലായത്. ഇത് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണം ഹരിയാനയിലെ വന്‍ റാക്കറ്റിലേക്കാണ് പൊലീസിനെ നയിച്ചത്. പൊലീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് വിഎസ്എസ്‌സി പരീക്ഷ റദ്ദാക്കിയിരുന്നു.

ഉദ്യോഗാർഥികൾക്ക് പറയാനുള്ളത്: മത്സരപരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബിൽ അവതരിപ്പിച്ച കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമെന്നാണ് കേരളത്തിലെ പിഎസ്‌സി ഉദ്യോഗാർഥികൾ പ്രതികരിച്ചത്. ബിൽ നിയമമായിക്കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവർക്കും ന്യായമായ സാഹചര്യം ഒരുക്കുമെന്നാണ് അവർ ചൂണ്ടിക്കാട്ടിയത്.

"ക്രമക്കേടുകൾ മുഖാന്തരം പരീക്ഷകൾ റദ്ദാക്കുന്നു. ഇതുകൊണ്ട് സാമ്പത്തിക നഷ്‌ടം, സമയ നഷ്‌ടം ഉൾപ്പടെ വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നു. ഈ ബിൽ ഒരു നിയമമായി പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, പ്രവേശന പരീക്ഷകളിലെ കോപ്പിയടി നിയന്ത്രിക്കാൻ ഇതുകൊണ്ട് കഴിഞ്ഞാൽ തൊഴിലന്വേഷകർ കൂടുതൽ സന്തുഷ്‌ടരാകും. പരീക്ഷകളിൽ ക്രമക്കേട് നടക്കുന്നതിനാൽ സത്യസന്ധരായ പരീക്ഷാർഥികൾക്ക് അവസരം ലഭിക്കാതെ വരുന്നു." - ഒരു ഉദ്യോഗാർഥി പറഞ്ഞു.

പരീക്ഷകൾ പാസാക്കാൻ അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നത് തടയാൻ കോപ്പിയടി വിരുദ്ധ ബിൽ സഹായിക്കും. പേപ്പർ ചോർച്ച, കോപ്പിയടി, ഗാഡ്‌ജെറ്റുകളുടെ അന്യായമായ ഉപയോഗം എന്നിവ കാരണം പരീക്ഷകൾ മുടങ്ങുന്നത് പലതവണ കണ്ടിട്ടുണ്ട്. സത്യസന്ധമായ പരിശ്രമങ്ങളും വിലപ്പെട്ട സമയവും പാഴാക്കുന്നതിനാൽ പരീക്ഷകൾ റദ്ദാക്കപ്പെടുന്നത് വളരെ വേദനാജനകമാണെന്നും ഉദ്യോഗാർഥി പറഞ്ഞു.

ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പ്രവേശന പരീക്ഷ എഴുതുന്നു. ഈ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും മധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവരാണ്, കോച്ചിങ് ഫീസിനും പുസ്‌തകങ്ങൾക്കുമായി അവർ വലിയ തുക ചെലവഴിക്കുന്നു. എന്നാൽ നന്നായി തയ്യാറെടുത്ത ശേഷം എഴുതിയ പരീക്ഷ ഇത്തരം ക്രമക്കേടുകൾ കാരണം റദ്ദാക്കുമ്പോൾ നിരാശ തോന്നും. അതുകൊണ്ടുതന്നെ ഈ പുതിയ ബിൽ പ്രതീക്ഷയുടെ പുതിയ കിരണമാണെന്ന് മറ്റൊരു ഉദ്യോഗാർഥി പറഞ്ഞു.

ABOUT THE AUTHOR

...view details