കേരളം

kerala

ETV Bharat / state

ഓൺലൈനില്‍ വ്യാജ ഭാഗ്യക്കുറി തട്ടിപ്പ്: ഗൂഗിളിനും മെറ്റയ്‌ക്കും നോട്ടീസയച്ച് കേരള പൊലീസ് - ONLINE FAKE LOTTERY SCAM

വ്യാജ കേരള ഭാഗ്യക്കുറി ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിന് നോട്ടീസ് നല്‍കി കേരള പൊലീസ്. ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ്

KERALA LOTTERY ONLINE  വ്യാജ കേരള ഭാഗ്യക്കുറി  FAKE KERALA LOTTERY SCAM  KERALA POLICE
Representative Images (ETV Bharat)

By ETV Bharat Kerala Team

Published : Aug 21, 2024, 4:44 PM IST

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറി വില്‍പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് പൊലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പൊലീസിന്‍റെ സൈബര്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളും 20 വെബ് സൈറ്റുകളും കണ്ടെത്തി. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പൊലീസ് വ്യക്‌തമാക്കി.

കേരള മെഗാ മില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്‌റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴിയാണ് പരസ്യം പ്രചരിക്കുന്നത്. കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും, 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള പരസ്യമാണിത്.

പരസ്യത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനല്‍കും. നറുക്കെടുപ്പിന്‍റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുകയും, ഫലം പരിശോധിക്കുമ്പോള്‍ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇതോടെ തട്ടിപ്പിന്‍റെ അടുത്തഘട്ടം ആരംഭിക്കുന്നു.

സര്‍ക്കാര്‍ പ്രതിനിധിയെന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജിഎസ്‌ടി, സ്‌റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യങ്ങൾക്കായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തുകഴിയുമ്പോള്‍ റിസര്‍വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു.

ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിര്‍മ്മിച്ച രേഖകളും വീഡിയോകളും ഇരകള്‍ക്ക് നല്‍കുന്നു.
ഇത്തരത്തില്‍ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന വ്യാജ ഭാഗ്യക്കുറിയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.

Also Read:'ഹൈടെക്' ലോട്ടറി തട്ടിപ്പ്: വലയില്‍ വീഴാതിരിക്കാന്‍ എന്ത് ചെയ്യണം?

ABOUT THE AUTHOR

...view details