തിരുവനന്തപുരം: അതീവ സുരക്ഷ മേഖലയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും നിവേദ്യത്തിന് ഉപയോഗിക്കുന്ന ഉരുളി മോഷ്‌ടിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മൂന്ന് സ്ത്രീകളടക്കം നാലു ഹരിയാന സ്വദേശികളാണ് പിടിയിലായതെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. ഫോര്‍ട്ട് എസ്എച്ച്ഒ വിആര്‍ ശിവകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ നാട്ടിലേക്ക് കൊണ്ടുവരാനായി ഹരിയാനയിലെത്തി.
ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമായ ജാഗണേഷ് എന്നയാളെയും നാല് സ്ത്രീകളെയുമാണ് ഹരിയാന പോലീസ് പിടികൂടിയത്. ഒക്ടോബര്‍ 13 നായിരുന്നു മോഷണം. രാവിലെ ക്ഷേത്രത്തിലെ പാല്‍പ്പായസ നിവേദനത്തിന് ശേഷമാണ് മോഷണം നടന്നത്. വിഗ്രഹമിരിക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന് താഴെ വിഗ്രഹത്തിന്‍റെ പാദത്തിന് സമീപത്തെ വിശ്വക് സേന വിഗ്രഹത്തില്‍ തളിക്കാനായി വെള്ളം സൂക്ഷിക്കുന്ന ഉരുളിയാണ് മോഷ്‌ടിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കസവു മുണ്ടു ധരിച്ചെത്തി പാത്രം ഇടുപ്പില്‍വെച്ച് മേല്‍മുണ്ട് കൊണ്ടു മറച്ചാണ് മോഷണമെന്ന് പൊലീസ് വിശദീകരിച്ചു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ജീവനക്കാര്‍ മോഷണവിവരം അറിഞ്ഞത്. ഉടന്‍ നിരീക്ഷണ ക്യാമറ പരിശോധിച്ച് മോഷണമാണെന്ന് ഉറപ്പു വരുത്തിയെങ്കിലും പരാതി നൽകിയില്ല. ഒക്ടോബര്‍ 18 നാണ് ക്ഷേത്രം ഭാരവാഹികള്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നൽകുന്നത്.
പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികള്‍ താമസിച്ച സ്‌റ്റാച്യുവിലെ ഹോട്ടലിലെ രജിസ്‌റ്ററിൽ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചുമാണ് പ്രതികളുടെ ലൊക്കേഷന്‍ പൊലീസ് തിരിച്ചറിയുന്നത്. ഹരിയാനയിലെ സ്വകാര്യ ഹോട്ടലിന്‍റെ ലൊക്കേഷന്‍ ഫോര്‍ട്ട് പൊലീസ് ഹരിയാന പൊലീസിന് കൈമാറുകയും പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.
സുരക്ഷ വീഴ്‌ചകളിലും അന്വേഷണം
ലക്ഷങ്ങള്‍ വില വരുന്ന അമൂല്യ പുരാവസ്‌തുവാണ് മോഷണം പോയതെന്ന് പൊലീസ് വ്യക്തമാക്കി. 24 മണിക്കൂറും നിരീക്ഷണ സംവിധാനങ്ങളുള്ള ഒറ്റക്കല്‍ മണ്ഡപത്തിലെ അനന്തശയനത്തിലുള്ള വിഗ്രഹത്തിന് തൊട്ടടുത്തു നിന്നുമാണ് മോഷണമുണ്ടായത്. കേന്ദ്ര സേനയടക്കം കാവല്‍ നിൽക്കുന്ന ക്ഷേത്രത്തിലെ സുരക്ഷ വീഴ്‌ചയും മോഷണത്തിന്‍റെ പശ്ചാത്തലത്തില്‍ അന്വേഷിക്കും. നിലവില്‍ സിആര്‍പിഎഫും ക്ഷേത്രത്തിലെ നിധി ശേഖരത്തിന് കാവലായുണ്ട്.
പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ഐശ്വര്യം കിട്ടുമെന്ന് വിശ്വസിച്ചാണ് ഉരുളി മോഷ്‌ടിച്ചതെന്ന് ഹരിയാന പൊലീസിന് മൊഴി നൽകിയതായാണ് വിവരം. എന്നാല്‍ അന്താരാഷ്ട്ര മോഷണ സംഘങ്ങളെയാണ് കേരള പൊലീസ് സംശയിക്കുന്നത്. ഇന്നു ഉച്ചയോടെ പ്രതികളെ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും.
Also Read:ശബരിമലയിൽ വൻ ഭക്തജനതിരക്ക്; ദർശനത്തിനായിള്ള വരി നീളുന്നത് ശരംകുത്തി വരെ