കേരളം

kerala

ETV Bharat / state

കണ്ണും മനസും തുറന്നിരിക്കണം; മെര്‍ജ്‌ ചെയ്യാന്‍ ആവശ്യപ്പെടുന്ന കോളുകളോട്‌ ജാഗ്രത പുലര്‍ത്തണം, മുന്നറിയിപ്പുമായി പൊലീസ് - Kerala Police on whatsapp hacking - KERALA POLICE ON WHATSAPP HACKING

മെര്‍ജ്‌ ചെയ്യാന്‍ ആവശ്യപ്പെടുന്ന കോളുകളോട്‌ ജാഗ്രത പുലര്‍ത്തണമെന്നും അതുവഴി OTP കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നും ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വഴിയാണ്‌ പൊലീസ് നിര്‍ദേശം.

KERALA POLICE WARNING  SCAM CALL WARNING BY KERALA POLICE  SCAM CALLS ASKING TO MERGE  ജാഗ്രത നിര്‍ദേശവുമായി കേരള പൊലീസ്‌
Representative image (FB/Kerala Police)

By ETV Bharat Kerala Team

Published : Jun 17, 2024, 1:14 PM IST

Updated : Jun 17, 2024, 2:35 PM IST

തിരുവനന്തപുരം: വാട്‌സാപ്പിലെ പുതിയ തട്ടിപ്പുരീതിയെപ്പറ്റി മുന്നറിയിപ്പുമായി കേരള പൊലീസ്. ഒരാളുടെ വാട്‌സാപ്പിന്‍റെ നിയന്ത്രണം കൈക്കലാക്കി അതിൽ നിന്ന് സുഹൃത്തുക്കൾക്കും മറ്റും സന്ദേശം അയച്ച് പണം ആവശ്യപ്പെടുകയും, അശ്ലീല ചിത്രങ്ങൾ പോസ്‌റ്റ് ചെയ്യുകയും ചെയ്യുന്ന പുതിയ തട്ടിപ്പിനെപ്പറ്റിയാണ് മുന്നറിയിപ്പ്. കോൾ മെർജ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്‌താണ്‌ ഈ തട്ടിപ്പ് നടത്തുന്നത്. ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ വഴിയാണ്‌ ഇതു സംബന്ധിച്ച് പൊലീസിന്‍റെ മുന്നറിയിപ്പ്.

തട്ടിപ്പുകാര്‍ ഇരയുടെ നമ്പറിലേക്ക് സാധാരണ ഫോൺ കോൾ ചെയ്യുകയും, സംസാരിച്ചുകൊണ്ടിരിക്കെ വരുന്ന മറ്റൊരു കോൾ നിലവിലുള്ള കോളിനോട് മെർജ് ചെയ്യാൻ (കൂട്ടിച്ചേർക്കാൻ) ആവശ്യപ്പെടുന്നതാണ് തട്ടിപ്പിൻ്റെ രീതി. ഇരയുടെ വാട്‌സാപ്പ് രജിസ്‌ട്രേഷന്‍ മറ്റൊരു ഫോണില്‍ ചെയ്യാനുള്ള ഒടിപി അടങ്ങിയ കോളായിരിക്കും മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നത്. മെര്‍ജ് ചെയ്യുന്നതോടെ ഒടിപി തട്ടിപ്പുകാര്‍ക്കും കേൾക്കാനാകും. ഈ ഒടിപി വച്ച് ഇരയുടെ വാട്‌സാപ്പ് അക്കൗണ്ട് കൈക്കലാക്കിയാകും തട്ടിപ്പ് നടത്തുക.

ഇത്തരം തട്ടിപ്പ്‌ കേസുകള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ്‌ ജാഗ്രത നിര്‍ദേശവുമായി പൊലീസ്‌ രംഗത്തെത്തിയത്‌. മെര്‍ജ്‌ ചെയ്യാന്‍ ആവശ്യപ്പെടുന്ന കോളുകളോട്‌ ജാഗ്രത പുലര്‍ത്തണമെന്നും അതുവഴി OTP കൈക്കലാക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കിൽ കോൾ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്.

നിങ്ങൾക്ക് സംശയമൊന്നും തോന്നാത്ത രീതിയിൽ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാർ വിളിക്കും.

അതേസമയം തന്നെ തട്ടിപ്പുകാർ മറ്റൊരു ഡിവൈസിൽ നിങ്ങളുടെ നമ്പറിന്‍റെ വാട്ട്‌സ്ആപ്പ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോൾ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ ഓപ്ഷൻ ആയിരിക്കും അവർ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണിൽ വന്ന OTP കൈക്കലാക്കാൻ ഇപ്പോൾ വരുന്ന കാൾ മെർജ് ചെയ്യാൻ ആവശ്യപ്പെടുന്നു.

നിങ്ങൾ കോൾ മെർജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പിൽ നിന്നുള്ള വെരിഫിക്കേഷൻ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാർ OTP എന്‍റർ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.

മറ്റൊരു രീതിയിൽ, തട്ടിപ്പുകാർ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങൾ വാട്ട്‌സ്ആപ്പ് ആക്ടിവേഷൻ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.

ചില തട്ടിപ്പുകാർ തെറ്റായ OTP എന്‍റർ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കിൽ 24 മണിക്കൂർ മരവിപ്പിക്കും. ഇതിനർത്ഥം ആ കാലയളവിൽ നിങ്ങൾക്ക് അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല എന്നാണ്.

ഇത്തരത്തിൽ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.

ഇത്തരം തട്ടിപ്പുകൾക്കെതിരെ പരമാവധി ജാഗ്രത പുലർത്തണം. ഡിജിറ്റൽ ലോകത്തിൽ ഇടപെടൽ നടത്തുമ്പോൾ കണ്ണും മനസും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ALSO READ:'തങ്കത്തിളക്കം ഈ മാതൃക'; ഓട്ടോ ഡ്രൈവർക്ക് ട്രാഫിക് പൊലീസിന്‍റെ ആദരം

Last Updated : Jun 17, 2024, 2:35 PM IST

ABOUT THE AUTHOR

...view details