കോഴിക്കോട്: മദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ ബാറുകൾക്ക് മോട്ടോർ വാഹന വകുപ്പിന്‍റെ നിർദേശം. എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലറും പുറത്തിറക്കി. മദ്യപിച്ച ശേഷം വാഹനം ഓടിക്കരുതെന്ന് കസ്റ്റമേഴ്‌സിനോട് നിർദേശം നൽകണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സർക്കുലർ അനുസരിക്കാത്ത കസ്റ്റമേഴ്‌സിന്‍റെ വിവരങ്ങൾ പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈമാറണം. ഡ്രൈവർമാരെ നൽകുന്നതിന്‍റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും എംവിഡി സർക്കുലറിൽ വ്യക്തമാക്കി. മദ്യപിച്ച് വാഹനം ഓടിച്ചിട്ട് ഉണ്ടാകുന്ന അപകടങ്ങൾ പെരുകുകയും പുതുവത്സര ആഘോഷം മുന്നിൽ കണ്ടുമാണ് പുതിയ നിർദേശം.
ഗതാഗത നിയമ ലംഘനങ്ങൾക്ക് നോട്ടിസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്. ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ പിഴ അടക്കാനുള്ള ആയിരം പേരെ കണ്ടെത്തും. ഇവരുടെ വീടുകളിലെത്തി പിഴ അടപ്പിക്കും. വാഹനാപകടം കുറക്കാന്‍ ലക്ഷ്യമിട്ട് പൊലീസും മോട്ടോർ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധനയുടെ ഭാഗമായാണ് തീരുമാനം.