ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. നിയമം വിവേചനപരവും, ഏകപക്ഷീയവും, മതേതരത്വ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ഹർജി സമർപ്പിച്ചത്.
2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര മതസ്ഥർക്ക് അതിവേഗം പൗരത്വം നൽകുന്നതിന് നാല് വർഷം മുൻപ് പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്‌തത് 'ഭരണഘടന വിരുദ്ധം' എന്നാണ് സംസ്ഥാന സർക്കാർ വിശേഷിപ്പിച്ചത്.
മതത്തെയും രാജ്യത്തെയും അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണങ്ങൾ വിവേചനപരവും ഏകപക്ഷീയവും യുക്തിരഹിതവും മതേതരത്വത്തിൻ്റെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. 2019 ൽ പാസാക്കിയ നിയമം അടിയന്തരമായി ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്നും ഇത് 2024 ലെ നിയമങ്ങൾ സ്‌റ്റേ ചെയ്യാൻ മതിയായ കാരണമാണെന്നും കേരളം സമർപ്പിച്ച ഹർജിയിൽ പറയുന്നു.
Also Read: ആവര്‍ത്തിച്ച് പിണറായി; കേന്ദ്രത്തിന്‍റെ സിഎഎ നടപ്പിലാക്കാന്‍ കേരളത്തെ കിട്ടില്ലെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമം പാർലമെന്‍റ് പാസാക്കിയതിനെതിരെ 2019 ൽ തന്നെ സംസ്ഥാന സർക്കാർ സുപ്രീകോടതിയിൽ സ്യൂട്ട് ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നിയമം വിജ്ഞാപനം ചെയ്‌തതിനെ തുടർന്നാണ് കേരളം ഇപ്പോൾ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.