തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതിനിരക്ക് കൂടും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് അധ്യക്ഷനും അംഗങ്ങളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാകും നിരക്ക് പുതുക്കിയുള്ള ഉത്തരവ് ഇറക്കുക. സാധാരണ നിലയില്‍ റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്ക് വര്‍ദ്ധനയില്‍ തീരുമാനമെടുക്കുക. ഇതാദ്യമായാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. എല്ലാത്തവണയും സര്‍ക്കാരുമായി അനൗദ്യോഗിക കൂടിക്കാഴ്ച ഉണ്ടാകാറുണ്ട്. സര്‍ക്കാരിനെ കാര്യങ്ങള്‍ ധരിപ്പിക്കാറുമുണ്ട്. അത് തന്നെയാണ് ഇത്തവണയും നടന്നതെന്നാണ് വിശദീകരണം.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
റെഗുലേറ്ററി കമ്മീഷനെ സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നില്ല. പക്ഷേ അതൊരു കീഴ്വഴക്കത്തിന്റെ ഭാഗമാണ്. ഇന്നുതന്നെ ഉത്തരവ് ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നാളെ വൈകിട്ടോടെ പുതിയ നിരക്ക് വര്‍ദ്ധന സംബന്ധിച്ച ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് യൂണിറ്റ് നിരക്കില്‍ 4.45 ശതമാനം വര്‍ധന വേണമെന്നാണ്. വിവിധ വശങ്ങള് പരിശോധിച്ച ശേഷമാകും വര്‍ദ്ധന.
ജനങ്ങള്‍ക്ക് വലിയ ഭാരമില്ലാതെയുള്ള വര്ദ്ധനയാകുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. യൂണിറ്റിന് പത്ത് പൈസയ്ക്കും ഇരുപത് പൈസയ്ക്കുമിടയിലുള്ള വര്‍ദ്ധനയാണ് ഉണ്ടാകുക. മുപ്പത് പൈസയുടെ വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധനയുണ്ടാകുന്നത്. വേനല്‍ക്കാലത്ത് പ്രത്യേക നിരക്കുമുണ്ടാകുമെന്നാണ് സൂചന. യൂണിറ്റിന് പത്ത് പൈസ വര്‍ദ്ധന വേണമെന്നാണ് ആവശ്യം. ഇത് റെഗുലേറ്ററി കമ്മീഷന് ഇത് അംഗീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.