തിരുവനന്തപുരം:കേരളത്തിലെ മദ്രസകള്‍ സ്വയം പര്യാപ്‌തമാണെന്നും ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സഹായത്താലല്ല ഇവ പ്രവര്‍ത്തിക്കുന്നതെന്നും കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്. കേന്ദ്ര ബാലാവകാശ കമ്മിഷൻ്റെ ഭാഗത്തുനിന്നും എന്തുകൊണ്ടാണ് മദ്രസകളുടെ പ്രവര്‍ത്തനത്തിന് വിഘാതമാകുന്ന നിര്‍ദേശങ്ങള്‍ ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ക്ഷേമനിധി ബോര്‍ഡ് യോഗം വിലയിരുത്തി.
കേരളത്തില്‍ ഇരുപത്തി ഏഴായിരത്തോളം മദ്രസകളിലായി രണ്ട് ലക്ഷത്തില്‍പ്പരം അധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്. ഇരുപത് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ മദ്രസകളിലൂടെ വിദ്യ അഭ്യസിക്കുന്നുണ്ട്. മതപഠനത്തോടൊപ്പം സാമൂഹ്യ പാഠങ്ങളിലും വിദ്യാര്‍ഥികള്‍ അറിവ് നേടുന്നുണ്ട്. മദ്രസ ബോര്‍ഡുകളുടെ സിലബസും പാഠപുസ്‌തകങ്ങളും ബന്ധപ്പെട്ട ബോര്‍ഡുകളുടെ വെബ്സൈറ്റില്‍ പരിശോധനയ്ക്ക് വിധേയവുമാണ്. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കേന്ദ്ര ബാലാവകാശ കമ്മീഷന് കത്തയയ്‌ക്കാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.