പത്തനംതിട്ട: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിൽ വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പകൂടുതലെന്ന ആരോപണവുമായി പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്ത്. സംഭവം ജില്ല കളക്‌ടറെ അറിയിച്ചിട്ടുണ്ടെന്നും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. തൊട്ടുതാഴെയുള്ള കൈപ്പത്തിയെ ചിഹ്നത്തെ പോലും ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് വോട്ടിങ് മെഷീനിൽ താമര ചിഹ്നം ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുന്ന വലിപ്പത്തിൽ നിന്നും അധികമായി താമര ചിഹ്നം തെളിഞ്ഞ് കാണപ്പെടുന്നു. ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ പോളിങ് ബൂത്തുകളിൽ തിരക്ക് അനുഭവപ്പെട്ടതായും, ഇത് യുഡിഎഫിന് അനുകൂലമാണെന്നാണ് കണക്കാക്കുന്നതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. എറണാകുളത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ആന്‍റോ ആന്‍റണി പറഞ്ഞു.