ആർഎൽവി രാമകൃഷ്‌ണന് ഐക്യദാർഢ്യവുമായി വിദ്യാർഥികൾ തൃശൂർ :കേരള കലാമണ്ഡലത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ആയിരുന്നു വിദ്യാർഥികൾ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചത്. റേസിസം എന്നെഴുതിവച്ച് കോലവും കത്തിച്ചു. വിദ്യാർഥി യൂണിയന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
'നിറമല്ല കലയാണ് നന്നാക്കേണ്ടത്, കലയുടെ കേന്ദ്രമാണ് കലാമണ്ഡലം നിറങ്ങളുടേതല്ല, കലാമണ്ഡലം സത്യഭാമ എന്നല്ല വെറും സത്യഭാമ, റേസിസം അവസാനിപ്പിക്കുക, സൗന്ദര്യം വെളുപ്പുമായി ഒരു ഉടമ്പടിയും വെച്ചിട്ടില്ല, ആർഎൽവി രാമകൃഷ്‌ണന് ഐക്യദാർഢ്യം' തുടങ്ങിയ പ്ലക്കാർഡുകളും പ്രതിഷേധത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ ഉയർത്തി.
അതേസമയം കറുത്തവരെ അധിക്ഷേപിച്ച് പരാമർശം നടത്തിയ സത്യഭാമയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്‌ണനെ ഉദ്ദേശിച്ച് ഒരു യൂട്യൂബ് ചാനലിൽ കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുത് എന്നായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മോഹിനിയാട്ടം അവതരിപ്പിക്കേണ്ടത് സൗന്ദര്യമുള്ള പുരുഷന്മാര്‍ ആണെന്നും സത്യഭാമ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായിട്ടും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സത്യഭാമ. അഭിമുഖത്തിൽ താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നുമാണ് ഇവരുടെ പ്രതികരണം.