എറണാകുളം:പെരിയാറിലെ മത്സ്യക്കുരുതി ഗൗരവകരമെന്ന് ഹൈക്കോടതി. മത്സ്യക്കുരുതി നടന്ന പ്രദേശം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചു. പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ പ്രദേശത്ത് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി സമിതിയെ നിയോഗിച്ചത്.
പരിസ്ഥിതി സെക്രട്ടറി, സംസ്ഥാന - കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ,അമിക്കസ് ക്യൂറി, പെരിയാറിലെ മത്സ്യക്കുരുതിയിൽ കോടതി ഇടപെടലാവശ്യപ്പെട്ട് ഹർജി നൽകിയവർ എന്നിവരടങ്ങുന്നതാണ് സമിതി. മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം ഗൗരവകരമെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി. പെരിയാറിലെ മലിനീകരണത്തിന്‍റെ അളവ് ഉയർന്നെന്നും കോടതി നിരീക്ഷിച്ചു.