കേരളം

kerala

ETV Bharat / state

നടിയെ ആക്രമിച്ച കേസ്: വസ്‌തുതാന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം - Actress Assault Case Update - ACTRESS ASSAULT CASE UPDATE

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിയുടെ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ACTRESS ASSAULT CASE  HIGH COURT NEWS  HIGH COURT REGISTRY  FACT FINDING REPORT SHOULD SUBMIT
High Court (ETV Bharat)

By ETV Bharat Kerala Team

Published : Aug 5, 2024, 5:20 PM IST

എറണാകുളം:നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഓഗസ്‌റ്റ് 21 ലേക്ക് മാറ്റി. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജിയുടെ വസ്‌തുതാന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

വസ്‌തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിലെ ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചെന്ന അതിജീവിതയുടെ പരാതിയിന്മേൽ ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.

എന്നാൽ ഈ റിപ്പോർട്ട് കുറ്റാരോപിതരെ സംരക്ഷിക്കുന്ന തരത്തിലാണെന്നും, മെമ്മറി കാർഡ് പരിശോധിച്ച ഫോണുൾപ്പെടെയുള്ള തെളിവുകൾ കസ്‌റ്റഡിയിലെടുത്തില്ലെന്നുമാണ് അതിജീവിതയുടെ ആക്ഷേപം. കൂടാതെ തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതായും ഹർജിക്കാരി പറയുന്നു.

ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കോടതി നിരീക്ഷണത്തോടെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. 2018 ജനുവരി 9 ന് രാത്രിയിൽ അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, 2018 ഡിസംബർ 13 ന് ജില്ലാ കോടതിയിലെ ബെഞ്ച് ക്ലർക്ക് മഹേഷ്, 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്‌താദർ താജുദീൻ എന്നിവർ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്നായിരുന്നു റിപ്പോർട്ട്. ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗ്ഗീസായിരുന്നു വസ്‌തുതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.

Also Read:മെമ്മറി കാർഡ് പരിശോധനയിൽ വീണ്ടും അന്വേഷണം; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്‌ജി പിന്മാറി

ABOUT THE AUTHOR

...view details