കേരളം

kerala

കയ്യടി നേടി, കൈപൊള്ളിച്ചും ചില രാഷ്‌ട്രീയ നീക്കങ്ങള്‍: ഗവര്‍ണര്‍ പദത്തില്‍ 5 വര്‍ഷം തികച്ച് ആരിഫ് മുഹമ്മദ് ഖാന്‍; പടിയറങ്ങുമോ? നീട്ടിനല്‍കുമോ? - Kerala governor completes tenure

By ETV Bharat Kerala Team

Published : Sep 5, 2024, 1:23 PM IST

2019 സെപ്‌തംബര്‍ 5-ന് രാജ്‌ഭവനിലേക്കെത്തിയ ഗവര്‍ണര്‍, വിവാദങ്ങളും കയ്യടികളുമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

ആരിഫ് മുഹമ്മദ് ഖാന്‍ കാലാവധി  കേരള ഗവര്‍ണര്‍  KERALA GOVERNOR ARIF MUHAMMED KHAN  കേരള സര്‍ക്കാര്‍ ഗവര്‍ണര്‍
Arif Moahmmed Khan (ETV Bharat)

തിരുവനന്തപുരം : സര്‍ക്കാരിനോട് ഇണങ്ങിയും പിണങ്ങിയും വിവാദങ്ങളുടെ കളിത്തോഴനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ്‌ഭവനില്‍ 5 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 2019 സെപ്‌തംബര്‍ 5-ന് വിവാദങ്ങളെയും ഒപ്പം കൂട്ടി രാജ്‌ഭവനിലേക്കെത്തിയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രാജ്‌ഭവനില്‍ തന്നെ വാര്‍ത്ത സമ്മേളനം നടത്തിയ ആദ്യ ഗവര്‍ണര്‍ എന്ന ഖ്യാതിയും നേടി.

ഭരണ മുന്നണിയില്‍ നിന്നും പ്രത്യേകിച്ചും പരസ്യമായ എതിര്‍പ്പ് നേരിടുകയും ഗവര്‍ണറെ തടയാന്‍ തെരുവിലിറങ്ങിയ എസ്എഫ്‌ഐ പ്രവര്‍ത്തകരോട് ആക്രോശിച്ചു കൊണ്ട് അപ്പോള്‍ തന്നെ തെരുവിലിറങ്ങിയ ഗവര്‍ണറെയും കേരളം കണ്ടു. സാധാരണ ഗതിയില്‍ ഒരു ഗവര്‍ണറുടെ കാലയളവില്‍ രണ്ടു വ്യത്യസ്‌ത സര്‍ക്കാരുകളെന്ന കേരളത്തിന്‍റെ പതിവും ഈ ഗവര്‍ണറുടെ കാലയളവില്‍ തെറ്റി.

2019- ല്‍ അധികാരത്തിലെത്തുമ്പോഴും 2021- ല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്‌ടിച്ചപ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലുമായി സര്‍ക്കാര്‍ ഗവര്‍ണറെ നേരിട്ടു. എന്നാല്‍ നിയമസഭ പാസാക്കി അംഗീകാരത്തിനയച്ച ബില്ലിന് ഗവര്‍ണര്‍ ഇത് വരെ ഒപ്പു വയ്ക്കാന്‍ തയ്യാറായില്ല.

തന്നോട് മുന്‍കൂര്‍ അനുമതി തേടാതെ നിയമസഭില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പണ സംബന്ധമായ ഒരു ബില്ലാണിതെന്നും(മണി ബില്‍) അത്തരം ബില്ലുകള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ഗവര്‍ണറുടെ മുന്‍കൂര്‍ സമ്മതം വാങ്ങണമെന്നുമുള്ള ചട്ടം സര്‍ക്കാര്‍ ലംഘിച്ചു എന്നുമാണ് ഇതിന് ഗവര്‍ണര്‍ നിരത്തുന്ന ന്യായീകരണം. എന്നാല്‍ ഇത് പണ സംബന്ധമായ ബില്‍ അല്ലെന്നും ഇതില്‍ പണം ചെലവഴിക്കുന്നത് സംബന്ധിച്ച ഒരു കാര്യവും ഇല്ലാത്തതിനാലാണ് ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി തേടാതെ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്നും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടിയും ഗവര്‍ണര്‍ തള്ളി.

സര്‍ക്കാരിന്‍റെ വാദം തെറ്റിദ്ധാരണ ജനകമാണെന്നും ചാന്‍സലര്‍ക്ക് പകരം ഓരോ സര്‍വകലാശാലകളുടെയും തലപ്പത്ത് നിയമിക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഓണറേറിയം നല്‍കുമെന്ന് ബില്ലില്‍ വ്യവസ്ഥയുള്ളതിനാല്‍ ഇത് മണി ബില്ലാണ് എന്നാണ് ഗവര്‍ണറുടെ മറുവാദം. ഇതടക്കമുള്ള 10 ബില്ലുകള്‍ വര്‍ഷങ്ങളോളം ഒപ്പിടാതെ പിടിച്ചുവച്ച ശേഷം സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക് നീങ്ങിയപ്പോള്‍ രണ്ട് ബില്ലുകള്‍ ഒപ്പിട്ട് മറ്റുള്ളവ രാഷ്ട്രപതിക്ക് അയച്ച് കൊണ്ടുള്ള തന്ത്രമാണ് ഗവര്‍ണര്‍ പയറ്റിയത്.

നിയമവും ഭരണഘടനയും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഇത്തരം നിയന്ത്രണങ്ങളുമായി സര്‍ക്കാരിനെ വലിഞ്ഞു മുറുക്കിയതെങ്കിലും പലപ്പോഴും തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന് മേല്‍ കേന്ദ്രം നിയമിച്ച ഗവര്‍ണര്‍ അതിര് കടക്കുന്നു എന്ന വിലയിരുത്തലാണ് പൊതുവിലുണ്ടായത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ തന്‍റെ അധികാരമുപയോഗിച്ച് മന്ത്രിസഭയില്‍ തുടരുന്നതിനുള്ള അസന്തുഷ്‌ടി പ്രകടിപ്പിച്ചത് കേരളത്തില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. കടുത്ത ജനരോഷത്തില്‍ നിന്ന് രക്ഷ നേടാന്‍ ഈ തീരുമാനത്തില്‍ നിന്ന് ഗര്‍ണര്‍ക്ക് പിന്‍വാങ്ങേണ്ടി വന്നു.

പക്ഷേ കേരളത്തിന്‍റെ മനസാക്ഷി മരവിപ്പിച്ച നിരവധി സംഭവങ്ങളില്‍ ഇരകള്‍ക്കൊപ്പമോ അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമോ ഉറച്ചു നില്‍ക്കാനും അവരെ നേരില്‍ കാണാനും ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ക്ക് നിലയ്ക്കാത്ത കയ്യടിയാണ് ലഭിച്ചത്. പരമ്പരാഗത ഗവര്‍ണര്‍ സങ്കല്‍പ്പങ്ങളെ അപ്പാടെ തച്ചുടച്ച സംഭവങ്ങളായി ഇത് വിലയിരുത്തപ്പെടുന്നു. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പയറ്റിത്തെളിഞ്ഞ പോരാളിയായ ആരിഫ് മുഹമ്മദ് ഖാന്‍, തന്‍റെ മുന്‍ഗാമികളെപ്പോലെ രാജ്‌ഭവന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുന്നതിന് പകരം കേരളത്തിലെ ജനങ്ങളും രാജ്‌ഭവനുമായുള്ള ഇഴയടുപ്പം കൂട്ടി. അതിന് ഭാഷ അദ്ദേഹത്തിനു പ്രശ്‌നമായതേയില്ല. എങ്കിലും തന്‍റെ രാഷ്ട്രീയ യജമാനന്‍മാരെ തൃപ്‌തിപ്പെടുത്താനുളള നീക്കങ്ങളില്‍ അദ്ദേഹത്തിന് കൈപൊള്ളിയോ എന്ന സംശയം ബാക്കിയാകുന്നു.

ഗവര്‍ണറുടെ കാലാവധി തീര്‍ന്നല്ലോ എന്ന് പിണറായി സര്‍ക്കാരിന് ആശ്വസിക്കാമെങ്കിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ പിന്‍തുടര്‍ന്ന് വരുന്ന നടപടികള്‍ പരിശോധിക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന് കാലാവധി നീട്ടി നല്‍കിയാലും പുതിയൊരാള്‍ വന്നാലും സര്‍ക്കാരിന് ആശ്വാസത്തിന് വകയുണ്ടെന്ന് കരുതുക വയ്യ.

Also Read:കേരള ഗവർണറെ പുകഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍; പ്രതികരിച്ച് വിഎന്‍ വാസവന്‍

ABOUT THE AUTHOR

...view details