മുഖ്യമന്ത്രി മാധ്യമങ്ങളോട് കോഴിക്കോട്:കാസര്‍കോട് മുഹമ്മദ് റിയാസ് മൗലവി കൊലക്കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിത്. റിയാസ് മൗലവി വധക്കേസില്‍ സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതി വിധി ഗൗരവത്തിലുള്ള പ്രശ്‌നമാണ്. കേസില്‍ ജാഗ്രതതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടി. ശക്തമായ നടപടി പൊലീസ് സ്വീകരിച്ചിരുന്നു. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചു. റിയാസ് മൗലവി ഭാര്യയുടെ ആവശ്യപ്രകാരം അവർ നിര്‍ദേശിച്ച സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയാണ് നിയമിച്ചത്. അന്വേഷണത്തിലും നടത്തിപ്പിലും സുതാര്യതയുണ്ടായിരുന്നു. ഒരു ഘട്ടത്തിലും പരാതി ഉയർന്നില്ല. സർക്കാർ ഈ വിഷയത്തിൽ ആത്മാർഥത പുലർത്തിയത് കുടുംബവും എടുത്തു പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു തരത്തിലുള്ള അശ്രദ്ധയും ഉണ്ടായിട്ടില്ല. വിധിന്യായം സമൂഹത്തില്‍ ഞെട്ടല്‍ ഉണ്ടാക്കി. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. ഒരുപാട് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുന്നു. സര്‍ക്കാരിനെ താറടിക്കാൻ ശ്രമിക്കുകയാണ്. ആവശ്യമായ എല്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസില്‍ യുഎപിഎ ചുമത്തേണ്ട കാര്യമുണ്ടായിരുന്നില്ല. ഇതിനുള്ള അപേക്ഷ ഹൈക്കോടതി വിചാരണ കോടതിക്കായിരുന്നു വിട്ടത്. യുഎപിഎയെ എതിർക്കുന്നവർ തന്നെയാണോ ഇത് ചുമത്തണം എന്ന് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി വിധിയില്‍ സര്‍ക്കാരിനെതിരെ സമസ്‌ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പൊലീസിനും പ്രോസിക്യൂഷനുമെതിരെ രൂക്ഷ വിമർശനമാണ് സമസ്‌ത മുഖപത്രം നടത്തിയത്. കോടതി ചൂണ്ടികാട്ടിയ വീഴ്‌ചകൾ ഉണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതയോ നടന്നെന്ന് സംശയിക്കാം എന്നായിരുന്നു സമസ്‌ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലെ വിമര്‍ശനം.
ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികൾ കുറ്റവിമുക്തർ ആയെങ്കിൽ ആരെയാണ് സംശയിക്കേണ്ടത്. ആര്‍എസ്എസ് പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ പ്രോസിക്യൂഷൻ തുടർച്ചയായി പരാജയപ്പെടുന്നത് അതിശയകരവും സംശയകരവുമാണെന്നും സമസ്‌ത വിമര്‍ശിച്ചു. ഈ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണവുമായി ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ടത്.