തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ജോര്‍ട്ടി എം ചാക്കോയെ കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) നിയമിക്കാനും തീരുമാനമായി. നിലവിലെ സിഇഒയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടിയുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ജോര്‍ട്ടിയുടെ നിയമനം (Kerala Cabinet Meeting Decisions).
പൊലീസ് വകുപ്പിൽ 190 പൊലിസ് കോണ്‍സ്‌റ്റബിള്‍ - ഡ്രൈവര്‍ തസ്‌തികകള്‍ സൃഷ്‌ടിക്കും. 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തില്‍ വീടും, കാലിത്തൊഴുത്തും തകര്‍ന്ന ഇടുക്കി മേലെച്ചിന്നാര്‍ സ്വദേശി ജിജി റ്റി റ്റിക്ക് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാനും തീരുമാനിച്ചു. വസ്‌തു വാങ്ങുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള 6 ലക്ഷം രൂപയും, വീട് വെക്കുന്നതിന് ദുരന്ത പ്രതികരണ നിധി മാനദണ്ഡ പ്രകാരമുള്ള 4 ലക്ഷം രൂപയും ചേര്‍ത്താണ് (SDRF - 1,30,000, CMDRF - 2,70,000) 10 ലക്ഷം രൂപ അനുവദിച്ചതെന്നും വ്യക്തമാക്കി.
ബന്തടുക്ക - വീട്ടിയാടി - ചാമുണ്ഡിക്കുന്ന് - ബളാംന്തോഡ് റോഡ് - 8.50 കോടി രൂപ, പെരിയ - ഒടയഞ്ചാല്‍ റോഡ് - 6 കോടി രൂപ, ചാലിങ്കാല്‍ - മീങ്ങോത്ത- അമ്പലത്തറ റോഡ് - 5.64 കോടി രൂപ, ശുദ്ധമായ പാല്‍ ഉല്‍പാദനം/ ശുചിത്വ കിറ്റ് വിതരണം - 4.28 കോടി രൂപ എന്നിങ്ങനെ കാസര്‍ഗോഡ്, വയനാട് വികസന പക്കേജുകളില്‍പ്പെടുന്ന പദ്ധതികള്‍ക്കും ഭരണാനുമതി നല്‍കി.