തിരുവനന്തപുരം: സംസ്ഥാനത്ത് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കാൻ കേരള സംസ്ഥാന മന്ത്രിസഭ തീരുമാനം. കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്‌കീം-2024 ന് ഇന്നത്തെ(28-02-2024) മന്ത്രിസഭാ യോഗം അനുമതി നൽകി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാത്ത ഭൂമിയിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കും. വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമിയുടെ ദൗർലഭ്യം പരിഹരിക്കുന്നതിനായി സർക്കാർ ആരംഭിച്ച നൂതന പദ്ധതിയാണ് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേർന്ന് ഇവ ആരംഭിക്കുന്നതിലൂടെ വിദ്യാർത്ഥി സമൂഹത്തിൽ സംരംഭകത്വം വളർത്താനും വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതുതായി കണ്ടെത്തിയ ഉൽപന്നങ്ങളുടെ വ്യാവസായിക ഉൽപ്പാദനവും പ്രക്രിയയും വേഗത്തിലാക്കുന്നതിനുള്ള ഒരു സംവിധാനവും വികസിപ്പിക്കും.
2016 ജനുവരി 1 മുതൽ സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണലുകളുടെ ശമ്പളവും ആനുകൂല്യങ്ങളും അലവൻസുകളും രണ്ടാം ദേശീയ ജുഡീഷ്യൽ ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരം പരിഷ്‌കരിക്കാനും കേരള മന്ത്രിസഭ തീരുമാനിച്ചു.