തിരുവനന്തപുരം :പൊതു ഗതാഗത വികസനത്തിനായി 1976.04 കോടി രൂപ വകയിരുത്തി സംസ്ഥാന ബജറ്റ്. സംസ്ഥാനത്തെ ഗതാഗത മേഖലയില്‍ സമഗ്രമായ പരിഷ്‌കാരങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഉള്‍നാടന്‍ ജലഗതാഗത മേഖലയ്‌ക്ക് ആകെ 130.32 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഇതില്‍ 22.30 കോടി രൂപ ഉയര്‍ന്ന സുരക്ഷയും ഇന്ധന ക്ഷമതയുമുള്ള പുതിയ ഗതാഗത ബോട്ടുകള്‍ വാങ്ങുന്നതിനും ഫെറി സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള വിഹിതമാണ്.
കൊല്ലം, അഷ്‌ടമുടി, ആലപ്പുഴ, വേമ്പനാട് കായല്‍ ടൂറിസം പദ്ധതികള്‍ക്ക് രണ്ട് സോളാര്‍ ബോട്ടുകള്‍ വാങ്ങുന്നതിന് 5 കോടി രൂപയും വകയിരുത്തി. കെഎസ്‌ഐഎന്‍സിയുടെ നേതൃത്വത്തില്‍ പുതിയ ക്രൂയിസ് യാനത്തിന്‍റെ നിര്‍മ്മാണത്തിനായി 3 കോടി രൂപയും നബാര്‍ഡിന്‍റെ സഹായത്തോടെ നടപ്പിലാക്കുന്ന ഫീഡര്‍ കനാലുകളുടെ നിര്‍മാണത്തിനായി 23 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. കൂടാതെ സംസ്ഥാനത്തെ കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ വിദേശ വായ്‌പ സഹായത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.