കേരളം ഏറ്റവും മികച്ച തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന നാട് : കെ എൻ ബാലഗോപാൽ തിരുവനന്തപുരം :തൊഴിൽ മേഖലയിൽ സംസ്ഥാനം വലിയ വിജയമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2024-2025 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണ വേളയിലായിരുന്നു പരാമര്‍ശം. കേരള സ്റ്റാർട്ടപ്പ് മിഷൻ മികച്ച പ്രവർത്തനമാണ് കാഴ്‌ചവയ്ക്കുന്നത്. വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് വഴി 50000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാൻ കഴിഞ്ഞു. 5000ത്തിലതികം സ്റ്റാർട്ടപ്പുകള്‍ രജിസ്റ്റർ ചെയ്‌തു. 100 മുതൽ 150 ആളുകൾക്ക് ഒരുമിച്ചിരുന്ന് ജോലിചെയ്യാൻ സൗകര്യമുള്ള വർക്ക് ഇൻ ഇയർ ഹോം പദ്ധതി നടപ്പിലായി. അവ കേരളത്തിലെ ചെറുപട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവർത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കാസർകോട്, കണ്ണൂർ, കൊട്ടാരക്കര,കൊച്ചി,കോഴിക്കോട്,പാലക്കാട് എന്നിവിടങ്ങളിൽ ഇത്തരം ലീപ് സെന്‍ററുകൾ പ്രവർത്തിക്കുന്നുണ്ട്. ആലപ്പുഴ,മഞ്ചേരി, സുൽത്താൻ ബത്തേരി ചാലക്കുടി എന്നിവിടങ്ങളിൽ 100 മുതൽ 200 വരെ ആളുകൾ പ്രവർത്തിക്കുന്ന സ്വകാര്യ ഐടി കേന്ദ്രങ്ങൾ ഉണ്ട്. മുൻ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ച ചെറു നഗരങ്ങളിലെ വർക്ക് ഇൻ ഇയർ പ്രോഗ്രാമുകളുടെ സാധ്യതകളെയാണ് ഇത് കാണിക്കുന്നത്.
സോഫോ കോർപറേഷന്‍റെ രാജ്യത്തെ രണ്ടാമത്തെ റെസിഡൻഷ്യൽ കാമ്പസ് കൊട്ടാരക്കരയിൽ സ്ഥാപിക്കാൻ തീരുമാനിച്ചു. നൂറുകണക്കിന് ആളുകൾക്ക് ഇതുവഴി തൊഴിലവസരം ലഭിക്കും. സംസ്ഥാനമൊട്ടാകെ ലീപ് സെന്‍റർ വ്യാപിപ്പിക്കുന്ന പദ്ധതിക്ക് 10 കോടി രൂപ പ്രാഥമികമായി വിലയിരുത്തി. ആഗോള തലത്തിൽ സംരംഭക ആശയങ്ങൾ കൈമുതലായി ഉള്ളവർക്ക് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ വന്ന് താമസിച്ച് തൊഴിൽ ചെയ്യുന്നതിന് കേരള സ്റ്റാർട്ടപ്പ് മിഷൻ വർക്ക് പോടുകൾ സ്ഥാപിക്കും. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷൻ രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയ കാലം കൊണ്ട് പൂർത്തിയാക്കാവുന്നതും, തൊഴിലും, വരുമാനവും സൃഷ്‌ടിക്കുന്നതുമായ മേഖലകൾ ഇടക്കാല പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെ രൂപപ്പെടുത്തി പ്രവർത്തനം നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ചെറുപട്ടണങ്ങളിലെ പുതുതലമുറ വ്യവസായങ്ങളെയും, സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിന് മൂലധന സബ്‌സിഡി, പലിശ സബ്‌സിഡി എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കും.
പി എച്ച് ഡി നേടി വിദേശത്തുനിന്ന് നാട്ടിലെത്തുന്ന വിദ്യാർഥികൾ അടുത്ത മൂന്ന് വർഷം സംസ്ഥാനത്തിന്‍റെ വികസനത്തിന്‍റെ ഭാഗമാകണം. പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സിനെ സർക്കാറിനെതിരെ തിരിച്ചവർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരാണെന്നും ധനമന്ത്രി പറഞ്ഞു.