തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം ബജറ്റില്‍ കാര്‍ഷിക മേഖലയിലെ തുണ്ട് ഭൂമികള്‍ ഒരുമിച്ച് ചേര്‍ത്ത് ലാഭകരമായി കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളും പദ്ധതികളും പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഇതിനായി ലാൻഡ് പൂളിങ് നടപ്പാക്കുമെന്നും മന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. 1698.30 കോടിയാണ് കാര്‍ഷിക മേഖലയില്‍ വരുന്ന സാമ്പത്തിക വര്‍ഷത്തേക്ക് വിലയിരുത്തിയത്. ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കാന്‍ വേണ്ട പദ്ധതികളും നടപ്പിലാക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
സുഗന്ധ വ്യഞ്ജന കൃഷിക്കായി 4.6 കോടി, കാര്‍ഷിക സര്‍വകലാശാലക്ക് 75 കോടി, വിഷരഹിത പച്ചക്കറി കൃഷിക്കായി 78 കോടി, വിളകളുടെ ഉദ്‌പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് കോടി എന്നിവയാണ് കാര്‍ഷിക മേഖലയിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍. ചട്ടങ്ങളില്‍ മാറ്റം വരുത്തി ചന്ദനകൃഷിക്ക് പ്രോത്സാഹനം നല്‍കും. കുട്ടനാട്ടിലെ കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 36 കോടിയും വിള പരിപാലനത്തിന് 535.9 കോടിയും നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. 2.36 ലക്ഷം തൊഴിലവസരങ്ങള്‍ കാര്‍ഷിക മേഖലയില്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചെന്നും മന്ത്രി കെഎന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.