തിരുവനന്തപുരം: മദ്യനയം ബാർ മുതലാളിമാർക്ക് അനുകൂലമാക്കാൻ പണം ആവശ്യപ്പെട്ടുള്ള ശബ്‌ദരേഖ അടിസ്ഥാന രഹിതമെന്ന് ബാറുടമകളുടെ സംഘടന ജനറൽ സെക്രട്ടറി വി സുനിൽകുമാർ ഇടിവി ഭാരതിനോട് പറഞ്ഞു. ശബ്‌ദരേഖയ്ക്ക് ഉടമയായ കേരള ഹോട്ടൽസ് അസോസിയേഷൻ ഇടുക്കി ജില്ല പ്രസിഡന്‍റ് അനിമോനെ ഇന്നലെ എറണാകുളത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ സസ്പെൻഡ് ചെയ്‌തിരുന്നുവെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി വി സുനിൽകുമാർ പറഞ്ഞു.
ഓരോ ഹോട്ടൽ ബാർ ഉടമകളും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനിമോൻ്റെ ശബ്‌ദസന്ദേശം. എന്നാൽ സംഘടനയ്ക്ക് തിരുവനന്തപുരത്ത് ഓഫിസ് കെട്ടിടം പണിയാനാണ് പണപിരിവ് നടത്തിയതെന്നും പിരിച്ചെടുത്ത തുകയ്ക്ക് കൃത്യമായ കണക്കുകളുണ്ടെന്നും സുനിൽകുമാർ വ്യക്തമാക്കി. തിരുവനന്തപുരം പി എം ജി യിലാണ് സംഘടനയുടെ ഓഫിസ് കെട്ടിടം പണിയുന്നത്.