കേരളം

kerala

ETV Bharat / state

എയിംസിന്‍റെ എയിം തെറ്റുന്നോ? കേന്ദ്ര ബജറ്റില്‍ അടിപതറി കേരളത്തിന്‍റെ പ്രതീക്ഷ - Kerala Aims Project

വര്‍ഷങ്ങളായുള്ള ആവശ്യമാണ് കോഴിക്കോട്ടൊരു എയിംസ്. ബജറ്റ് പ്രഖ്യാപനത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചു. ബജറ്റിൽ എയിംസ് പ്രഖ്യാപനം ഇല്ലാതായതോടെ പദ്ധതി നഷ്‌ടപ്പെടുമെന്ന് ആശങ്ക.

By ETV Bharat Kerala Team

Published : Jul 24, 2024, 8:56 PM IST

AIIMS At Kozhikode KERALA  AIIMS PROJECT  എയിംസ് കേന്ദ്ര ബജറ്റ്  കേരള എയിംസ് പദ്ധതി
Representative Image (ETV Bharat)

കോഴിക്കോട് : ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്‍റെ (AIIMS) കേരളത്തിലേക്കുള്ള ലക്ഷ്യം (AIM) തെറ്റുകയാണോ, ആ സ്വപ്‌നം ഇരുളടയുകയാണോ? എയിംസ് പോയിട്ട് കേരളത്തെ കുറിച്ച് പോലും പരാമർശമില്ലാത്തതായിരുന്നു കേന്ദ്ര ബജറ്റ്. കോഴിക്കോട് കിനാലൂരിൽ എയിംസ് എന്നത് ഒരു സ്വപ്‌നമായിരുന്നു.

എംകെ രാഘവൻ എംപി എയിംസിനായി ഒരുപാട് ശബ്‌ദമുയർത്തി. തൃശൂരില്‍ സുരേഷ് ഗോപി വിജയിച്ചതോടെ പ്രതീക്ഷ ആ വഴിക്കും വർധിച്ചു. എന്നാൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ എയിംസ് മറ്റൊരിടത്തേക്ക് മാറ്റണമെന്നതരത്തിൽ കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി നടത്തിയ അഭിപ്രായപ്രകടനം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ബജറ്റിൽ എയിംസ് പ്രഖ്യാപനം ഇല്ലാതായതോടെ പദ്ധതി നഷ്‌ടപ്പെടുമെന്ന ആശങ്കയും ബലപ്പെട്ടു. രണ്ട് എംപിമാരും 'ആഞ്ഞ് പിടിച്ച'തുകൊണ്ടാണോ ആ സ്വപ്‌നം നഷ്‌ടപ്പെട്ടത്? അതോ പിന്നീടൊരിക്കൽ പ്രഖ്യാപിച്ച് അതിന്‍റെ പിതൃത്വം സ്വന്തമാക്കാനുള്ള ബിജെപി തന്ത്രമോ? അതുമല്ലെങ്കിൽ കോഴിക്കോട്ടെ നിർദ്ദിഷ്‌ട ഭൂമിയിൽ നിന്ന് മറ്റൊരിടത്തേക്ക് പറിച്ച് നടാനുള്ള നീക്കത്തിന്‍റെ ഭാഗമോ?

എന്തായാലും എയിംസിനായി ബാലുശേരി കിനാലൂരിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ വിലനിർണയം നടന്നുകൊണ്ടിരിക്കുകയാണ്.
കെഎസ്‌ഐഡിസിയുടെ കൈവശമുള്ള ഭൂമിക്ക് പുറമെ താമരശ്ശേരി താലൂക്കിലെ കിനാലൂർ, കാന്തലാട് വില്ലേജുകളിൽപ്പെട്ട 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്‍റെയും ഒരു മസ്‌ജിദിന്‍റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെയും ചേർത്ത് 40.6802 ഹെക്‌ടർ ഭൂമിയാണ് എയിംസിനായി ഏറ്റെടുക്കുന്നത്.

ഭൂമിയേറ്റെടുക്കലിന്‍റെ ഭാഗമായി പുനരധിവാസത്തിനും നഷ്‌ടപരിഹാരത്തിനുമുള്ള അവകാശനിയമം 19 പ്രകാരമുള്ള അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനമാണ് പുരോഗമിക്കുന്നത്. എന്നെങ്കിലും എയിംസ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഇവയൊക്കെ നടക്കുന്നത്. 2014ൽ തുടങ്ങിയ കേരളത്തിൻ്റെ ആവശ്യമാണ് കിനാലൂരിൽ മൊട്ടിട്ട് തുടങ്ങിയത്. പക്ഷേ ഈ തവണയും നിരാശയാണെങ്കിലും പ്രതീക്ഷ ഒരിക്കലും അസ്‌തമിക്കാത്ത ഒന്നാണ് 'എയിം'സ്.

Also Read : 'കേരളത്തിന്‍റെ വിശാലതലത്തില്‍ വേണം എയിംസ് സ്ഥാപിക്കാന്‍, എവിടെ വേണമെന്ന് പറയുന്നില്ല': സുരേഷ്‌ ഗോപി - Suresh Gopi About AIIMS

ABOUT THE AUTHOR

...view details