തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സൗകര്യം ചെയ്‌ത് കൊടുത്തത് കോൺഗ്രസും യുഡിഎഫും ആണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ എൻഡിഎ സ്ഥാനാർഥിക്ക് വോട്ട് കൊടുത്തത് തൃശൂരിലെ യുഡിഎഫും കോൺഗ്രസുകാരും ആണെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപി തന്‍റെ സഹപ്രവർത്തകനാണ് അദ്ദേഹം ജയിച്ചതിൽ സന്തോഷമുണ്ട്.
എന്നാൽ എൽഡിഎഫിന്‍റെ പരാജയത്തിന്‍റെ കാരണം എന്താണെന്ന് പഠിക്കുകയും അതിൽ നിന്ന് വിജയത്തിലേക്ക് പോകുകയും ചെയ്യുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തങ്ങൾക്ക് ഒരു സീറ്റ് ആണ് ലഭിച്ചത്. തൊട്ടടുത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾ തുടർഭരണം നേടി. രാഷ്ട്രീയത്തിൽ ഇത് അവസാനത്തെ ദിവസമല്ല.
വളരെ ആത്മവിശ്വാസത്തോടെ നരേന്ദ്ര മോദി 'മോദി ഗ്യാരണ്ടി' എന്ന പ്രചാരണം തന്നെ നടത്തിയിട്ട് മോദി ഗ്യാരണ്ടി വേണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചു. ഇത് ജനാധിപത്യം ആണ്. മാറിയും തിരിഞ്ഞും വരണമെന്നും ഗണേഷ് കുമാർ പറഞ്ഞു.