കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമെന്ന പ്രചരണം വ്യാജമെന്ന് കട്ടപ്പന ഡിവൈഎസ്‌പി ഇടുക്കി :ഹൈറേഞ്ചിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ സജീവമാണെന്ന തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന ശബ്‌ദ സന്ദേശം വ്യാജമാണെന്ന് കട്ടപ്പന ഡിവൈഎസ്‌പി ബേബി പറഞ്ഞു. അടിസ്ഥാനമില്ലാത്ത ശബ്‌ദസന്ദേശം പ്രചരിപ്പിക്കരുതെന്നും ഡിവൈഎസ്‌പി കൂട്ടിച്ചേർത്തു.
കാൽവരിമൗണ്ട് സ്‌കൂളിൽ നിന്നുള്ള അറിയിപ്പ് എന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിൽ ഒരു മിനിറ്റ് 15 സെക്കന്‍റ് ദൈർഘ്യമുള്ള ശബ്‌ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തെ പലയിടത്തായി കണ്ടുവെന്നും മാതാപിതാക്കൾ കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുതെന്നുമാണ് സന്ദേശത്തിലുള്ളത്.
എന്നാൽ അത്തരത്തിലൊരു സംഭവമില്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റേതോ സ്ഥലത്ത് പ്രചരിച്ച സന്ദേശം സ്‌കൂളിൻ്റെ പേരിൽ പ്രചരിപ്പിക്കുന്നതാണെന്നും, ഇത് അടിസ്ഥാനരഹിതമാണെന്നും കട്ടപ്പന ഡിവൈഎസ്‌പി ബേബി പറഞ്ഞു.
പൊഴിക്കര ഉദയ ഗ്രൗണ്ടിനടുത്ത് അപരിചിതരായ ആളുകളെ കണ്ടെന്ന് ശബ്‌ദ സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ അത്തരമൊരു സ്ഥലം ഇടുക്കിയിലില്ല. ഭയപ്പെടുത്തുന്നതും അടിസ്ഥാന രഹിതവുമായ ഇത്തരം സന്ദേശങ്ങൾ ആളുകൾ ഷെയർ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ALSO READ : 151 കുട്ടികളെ കാണാതായി, 25 കുട്ടികള്‍ കൊല്ലപ്പെട്ടു; കേരളം കഴിഞ്ഞ വര്‍ഷം കുട്ടികളോട് ചെയ്‌ത ക്രൂരതയുടെ കണക്ക്