പച്ചക്കറി വാങ്ങാന്‍ തുണി സഞ്ചിയുമായി വരുന്നവർക്ക് സമ്മാനക്കൂപ്പൺ (ETV Bharat) കാസർകോട്: മറ്റ് വ്യാപാരികളിൽ നിന്നും ഏറെ വ്യത്യസ്‌തമാവുകയാണ് ബേക്കലിലെ പാലക്കുന്നിൽ പഴം പച്ചക്കറിക്കട നടത്തുന്ന സന്തോഷ്. സന്തോഷിന്‍റെ കടകളിലേക്ക് വരുന്നവരിലേറെയും തുണി സഞ്ചിയുമായാണ് വരുന്നത്. ഇതിന് പിന്നിൽ ഒരു കാര്യമുണ്ട്.
കടയിൽ തുണി സഞ്ചിയുമായി എത്തുന്നവർക്ക് സമ്മാന കൂപ്പൺ നൽകും. എല്ലാ മാസവും 15 ആം തീയതിയാണ് നറുക്കെടുപ്പ് ഉണ്ടാവുക. മൂന്നു പേർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. അതും ചെറിയ സമ്മാനങ്ങളല്ല, വിലപ്പെട്ടതു തന്നെയാണ്. ഒന്നാം സമ്മാനം വാഷിങ് മെഷീനും രണ്ടാം സമ്മാനം മിക്‌സിയും മൂന്നാം സമ്മാനം 500 രൂപയുടെ പച്ചക്കറി കിറ്റുമാണ്. പ്ലാസ്‌റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറക്കാൻ ഈ വ്യാപാരി കണ്ടെത്തിയ മാർഗത്തിന് കയ്യടിക്കുകയാണ് നാട്ടുകാർ.
കഴിഞ്ഞ വിഷു ദിവസം മുതലാണ് സമ്മാന പദ്ധതി ആരംഭിച്ചത്. കടയിലേക്ക് സാധനം വാങ്ങാൻ എത്തുന്നവരുടെ കയ്യിൽ ഒരു തുണി സഞ്ചി കാണും. ഇത്തരത്തിൽ സമ്മാന പദ്ധതി ആരംഭിച്ചതോടെ കടയിൽ തുണി സഞ്ചിയുമായി വരുന്നവരുടെ എണ്ണം കൂടിയതായി സന്തോഷ് പറഞ്ഞു. ഓരോ ദിവസവും നിരവധി കൂപ്പണുകൾ പോകുന്നുണ്ടെന്നും സന്തോഷ് പറയുന്നു.
തുണി സഞ്ചി ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഈ സമ്മാന പദ്ധതി നല്ല കാര്യമാണെന്നും ഇതിലൂടെ പ്ലാസ്‌റ്റിക് ഉപയോഗം കുറക്കാൻ കഴിയുമെന്നും സന്തോഷിന്‍റെ ആശയത്തിനു പൂർണ പിന്തുണ നൽകുമെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തുള്ള എല്ലാ കടകളിലും ഇത്തരം രീതി പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വ്യാപാരി വ്യവസായി സമിതി. ഇതോടെ പ്ലാസ്‌റ്റിക് മുക്ത നാടായി പാലക്കുന്ന് മാറും.
Also Read: വാഹനത്തിലെത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക് അടക്കം വലിച്ചെറിയും; നേര്യമംഗലം വനമേഖലയിലും ദേശീയപാതയോരത്തും മാലിന്യക്കൂമ്പാരം