കാസർകോട്: സ്‌കൂൾ കെട്ടിടം പൊളിച്ച് നീക്കിയതോടെ കാഞ്ഞങ്ങാട് മയ്യിച്ചക്കാർ ഇത്തവണ ടെന്‍റിലാണ് വോട്ട് ചെയ്‌തത്. നേരത്തേ വോട്ട് ചെയ്യാറുള്ള മയ്യിച്ച ഗവ എൽ പി സ്‌കൂൾ കെട്ടിടം പൊളിച്ചിട്ട് രണ്ടുവർഷമായി. എന്നാൽ പുതിയ കെട്ടിടം ഒരുങ്ങിയിട്ടില്ല. അതിനാലാണ് സ്‌കൂൾ കെട്ടിടമുണ്ടായിരുന്ന സ്ഥലത്ത് പോളിങ് സ്റ്റേഷൻ 92-നുവേണ്ടി താത്കാലിക ടെന്‍റ് പണിതത്.
508 പുരുഷൻമാരും 543 സ്ത്രീകളും ഉൾപ്പെടെ 1,051 പേരാണ് ഇവിടെ വോട്ടർമാരായിട്ടുള്ളത്. സ്‌കൂൾ കെട്ടിടം പൊളിച്ചതിനാൽ വിദ്യാർഥികളുടെ പഠനം ഇപ്പോൾ വയൽക്കര ഭഗവതിക്ഷേത്രം ഓഡിറ്റോറിയത്തിലാണ്. ജില്ലാ വരണാധികാരി കളക്‌ടർ കെ ഇമ്പശേഖറും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം മയ്യിച്ചയിലെത്തി ക്ഷേത്രം ഓഡിറ്റോറിയത്തിൽ പോളിങ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കം നടത്തി.