CPM Does Not Have A Secret Account, CM Pinarayi Vijayan Denies ED Allegation എറണാകുളം : കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ട് ഉണ്ടെന്ന ഇഡി ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ പ്രചരിപ്പിക്കുന്നത് പോലെ സിപിഎമ്മിന് ഒരു രഹസ്യ അക്കൗണ്ടുമില്ല. തങ്ങൾക്ക് കള്ളപ്പണം സ്വീകരിക്കുന്ന പരിപാടിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണം എന്നതാണ് പാർട്ടി നിലപാടെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടി അംഗങ്ങൾ നൽകുന്ന അംഗത്വ ഫീസും ലെവിയും ജനങ്ങൾ നൽകുന്ന സംഭാവനയുമാണ് പാർട്ടിയുടെ സാമ്പത്തിക അടിത്തറ. തങ്ങൾക്ക് ആവശ്യപ്പെടുന്നതിനേക്കാൾ ജനങ്ങൾ പണം നൽകുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാ വർഷവും കണക്കുകൾ ഓഡിറ്റ് ചെയ്യുകയും ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യാറുമുണ്ട്. അക്കൗണ്ടുകളെല്ലാം പാൻകാർഡുമായി ബന്ധിപ്പിച്ചതാണന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സഞ്ജയ് സിങ്ങിൻ്റെ കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്നും ഇഡി വലിയ വിമർശനമാണ് നേരിട്ടത്. കോടതി ചോദിച്ചത് ജാമ്യപേക്ഷയെ നിങ്ങൾ എതിർക്കുന്നുണ്ടോ, അല്ലെങ്കിൽ കോടതി തീരുമാനമെടുക്കണമോ എന്നായിരുന്നു.
ഇതോടെയാണ് ജാമ്യാപേക്ഷയെ എതിർക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചത്. ഇത്തരം കാര്യങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു.
ALSO READ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: പി കെ ബിജുവിന് ഇഡി നോട്ടിസ്; കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്‌തേക്കും