കോഴിക്കോട്: പുതുവത്സരാഘോഷത്തിന് വില്‍പനക്കായി എത്തിച്ച മദ്യവും ഹാന്‍സുമായി യുവാവ് പിടിയില്‍. കോണാട് ബീച്ച് ചട്ടിത്തോപ്പ് പറമ്പില്‍ സര്‍ജാസ് ബാബുവിനെയാണ് (37) കുന്നമംഗലം പൊലീസ് തൊണ്ടി മുതലോടെ പിടികൂടിയത്.
50 കുപ്പി പോണ്ടിച്ചേരി നിർമിത വിദേശ മദ്യവും ആറായിരത്തോളം പാക്കറ്റ് ഹാന്‍സുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. പാത്രക്കച്ചവടത്തിനെന്ന് പറഞ്ഞാണ് ഇയാള്‍ കെട്ടിടം വാടകക്കെടുത്ത് ലഹരി ഉത്പന്നങ്ങളും മദ്യവും സൂക്ഷിച്ചത്.
കുന്നമംഗലം വരട്ട്യാക്ക് - പെരിങ്ങോളം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് സര്‍ജാസ് ബാബുവിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്നാണ് പ്രതി വലയിലായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുന്ദമംഗലം, നരിക്കുനി, കോഴിക്കോട് സിറ്റിയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് വര്‍ഷത്തോളമായി ഇയാള്‍ ലഹരി വസ്‌തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കെട്ടിട ഉടമയെ പാത്രക്കച്ചവടം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വീട് വാടകയ്‌ക്കെടുത്തത്. താമസ സ്ഥലത്ത് നിന്ന് ഇയാളുടെ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെള്ളയില്‍, കാക്കൂര്‍ പൊലീസ് സ്‌റ്റേഷനുകളിലായി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തിയതിന് ഇയാളുടെ പേരില്‍ കേസുകളുണ്ട്.
പുകയില ഉത്പന്നങ്ങള്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ് രീതി. തടമ്പാട്ടു താഴത്തെ ഫ്‌ളാറ്റിലാണ് ഇപ്പോള്‍ താമസം. പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നത്തിന് വിപണിയില്‍ നാല് ലക്ഷത്തോളം രൂപ വില വരുമെന്ന് കുന്നമംഗലം ഇന്‍സ്‌പെക്‌ടർ കിരണ്‍ എസ് പറഞ്ഞു. എസ്‌ഐ നിതിന്‍റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്.